| Saturday, 10th May 2025, 8:47 am

പാകിസ്ഥാനില്‍ കുടിലത നിറച്ചത് മതോന്മാദത്തിന്റെ രാഷ്ട്രീയം; ഇന്ത്യന്‍ സര്‍ക്കാരാണെങ്കില്‍ മതരാഷ്ട്ര നിര്‍മാണത്തിന്റെ മോഹവലയങ്ങളിലും: ഡോ. ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നീക്കം പാകിസ്ഥാനെതിരെയാണെങ്കിലും ആ സംജ്ഞ മതയുദ്ധത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ പോന്നതാണെന്ന് സാമൂഹിക നിരീക്ഷകൻ ഡോ. ആസാദ്. അത് വേണ്ടായിരുന്നുവെന്നും സിന്ദൂരം ഒരു മതചിഹ്നമാണെന്നും ആസാദ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

പഹല്‍ഗാമില്‍ ഭീകരര്‍ കടന്നുകയറി 26 മനുഷ്യരെ കൂട്ടക്കൊല ചെയ്തുവെന്നും ആസാദ് പറഞ്ഞു. അവരില്‍ ചിലരുടെയെങ്കിലും ഭാര്യമാര്‍ സിന്ദൂരം തൊടുന്നവരായിരുന്നില്ല. അക്രമികളുടെ ചോദ്യമെന്നപോലെ നമ്മുടെ ഭരണാധികാരികളുടെ ഉത്തരവും മതാവേശം നിറഞ്ഞതായെന്നും ആസാദ് ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്റെ പാത കുടിലതയും നൃശംസതയും ഹിംസയും നിറഞ്ഞതാവാന്‍ കാരണം അവര്‍ പിന്തുടര്‍ന്ന മതോന്മാദത്തിന്റെ രാഷ്ട്രീയമാണ്. ഒരു മതരാഷ്ട്രം മതഭീകരതയുടെ പോരാളികളെ പെറ്റുപോറ്റിയതിന്റെ ദുരന്തമാണ് ആ രാജ്യം അനുഭവിക്കുന്നതെന്നും ആസാദ് പ്രതികരിച്ചു.

സമാധാനം എന്തെന്ന് അറിയാന്‍ ആവാത്തവിധം അശാന്തമാണ് പാക് ജീവിതമെന്നും ആസാദ് പറയുന്നു. മതരാഷ്ട്ര നിര്‍മാണത്തിന്റെ മോഹവലയങ്ങളിലാണ് ഇന്ത്യന്‍ സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടിയും പിറകില്‍ ഊര്‍ജ്ജമേകുന്ന ആര്‍.എസ്.എസും ഉള്ളതെന്നും ആസാദ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരുകൊണ്ട് അവര്‍ പഹല്‍ഗാമിൽ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രം പ്രത്യേകത കണ്ടു. സിന്ദൂരം ഇന്ത്യന്‍ ദേശീയതയുടെ അടയാളമല്ല. ഒരു മതാചാരത്തിന്റെ പ്രതീകം മാത്രമാണെന്നും ആസാദ് പറഞ്ഞു.

‘യുദ്ധം ഭീകരതക്ക് എതിരെയാണ്. ഒളിച്ചിരുന്ന് വെടിയുണ്ടകള്‍കൊണ്ടും ബോംബുകള്‍കൊണ്ടും മനുഷ്യജീവനുകള്‍ ചിതറിക്കുന്ന ഗൂഢതാത്പര്യം രാഷ്ട്രങ്ങള്‍ക്കും സാര്‍വദേശീയ സാഹോദര്യത്തിനും മാനവികതക്കും ഭീഷണിയാണ്,’ ആസാദ് പറഞ്ഞു.

ഭീകരതയുടെ കേന്ദ്രങ്ങള്‍ക്കും അവയെ പെറ്റുപോറ്റുന്ന ഭരണകേന്ദ്രങ്ങള്‍ക്കും മഹത്തായ മാനവികതയുടെ താക്കീത് നല്‍കേണ്ടതുതന്നെ. അതേസമയം അതു നമ്മെ പഠിപ്പിക്കണം, സങ്കുചിത മതരാഷ്ട്രവാദം എവിടെയാണ് നമ്മെ എത്തിക്കുകയെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാന്‍ ആരൊക്കെയാണ് ദക്ഷിണേഷ്യയില്‍ അശാന്തിയുടെ ഭീകരവിത്തുകള്‍ പാകിയതെന്ന് ഓര്‍മ വേണം. താലിബാന്‍ പരിശീലനത്തില്‍ തുടക്കമിട്ട ബൃഹത്തായ ഓപ്പറേഷന് അമേരിക്കയുടെ നേതൃത്വവും പണവും ആയുധവും ഉണ്ടായിരുന്നുവെന്നും ആസാദ് ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ ഒറ്റയ്ക്കായിരുന്നില്ല. താത്പര്യം അവരുടേത് മാത്രം ആയിരുന്നില്ല. ആ അമേരിക്കയോട് മുഷിഞ്ഞ് ഒരു വാക്ക് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുമോ എന്നും ആസാദ് ചോദിച്ചു. ഇത്തരം ഭീകരവാദ ഓപ്പറേഷനുകളുടെ കുടില നേതൃത്വം എക്കാലത്തും വഹിച്ച ഇസ്രഈലിനെ നമ്മുടെ സുഹൃത്ശക്തിയായി കാണുന്ന ഭരണകൂടത്തിന് ഭീകരതയെ ചെറുക്കാന്‍ ഇപ്പോള്‍ നടത്തുന്ന ഓപ്പറേഷന്‍ മാത്രം മതിയാവുമോ എന്നും ആസാദ് ചോദിക്കുന്നു.

ഭീകരവാദം ഇല്ലാതാവാന്‍ അവയെ സൃഷ്ടിക്കുന്ന സങ്കുചിതവും ജനാധിപത്യ വിരുദ്ധവുമായ താത്പര്യങ്ങള്‍ ഇല്ലാതാവണമെന്നും അദ്ദേഹം പറഞ്ഞു. അതിന് വളംവെച്ചു നല്‍കുന്ന പിന്താങ്ങികള്‍ ഇല്ലാതാവണം. അത്തരക്കാരുടെ കുടിലരാഷ്ട്രീയത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും ആസാദ് പ്രതികരിച്ചു.

അതിന് ജനങ്ങള്‍ക്ക് കഴിയുമെന്നും മതേതരത്വ ദേശീയതയില്‍ ഊന്നിയ ജനാധിപത്യ സംവിധാനങ്ങള്‍ക്കും കഴിയുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. ഭീകരതക്ക് എതിരായ യുദ്ധം സൈനിക പ്രയോഗത്തില്‍ ഒതുങ്ങരുത്. അത് മേല്‍പറഞ്ഞ പ്രതിരോധ ശക്തികളെ വളര്‍ത്തിയെടുക്കല്‍കൂടി ആവണമെന്നും ആസാദ് പറഞ്ഞു.

Content Highlight: Azad malayattil react in operation sindoor

We use cookies to give you the best possible experience. Learn more