| Sunday, 14th June 2026, 5:48 pm

ബ്രസീലിനെ വിറപ്പിച്ച 18കാരന്‍ ചരിത്രത്തിലേക്ക്; 60 വര്‍ഷത്തിനിടെയുള്ള അപൂര്‍വ താരം

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി -യിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ വരവറിയിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില നേടിയത്.

കളിക്കളത്തില്‍ ബ്രസീലിനെ വിറപ്പിച്ച മൊറോക്കോയുടെ യുവതാരം അയ്യൂബ് ബൗഡിയുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. അഞ്ച് തവണ ലോകം കീഴടക്കിയ കാനറിപ്പടയെ കാഴ്ചക്കാരാക്കിയാണ് 18കാരനായ അയ്യൂബ് ബൗഡി കളംനിറഞ്ഞ് കളിച്ചത്. മത്സരത്തില്‍ മൊറോക്കോയുടെ മധ്യനിരയിലെ എഞ്ചിന്‍ ഈ 18കാരനായിരുന്നു. 60 പാസുകളാണ് താരം മത്സരത്തിലുടനീളം സ്വന്തമാക്കിയത്.

അയ്യൂബ് ബൗഡി

ഈ മിന്നും പ്രകടനത്തിലൂടെ ലോകകപ്പിന്റെ 60 വര്‍ഷത്തെ ചരിത്രവും തിരുത്തപ്പെട്ടു. 60 വര്‍ഷത്തിനിടെ ലോകപ്പില്‍ ഒരു മത്സരത്തില്‍ 50+ പാസുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ യുവതാരമാണ് അയ്യൂബ് ബൗഡി. ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം തിരുത്തി വരവറിയിച്ച മൊറോക്കന്‍ താരം വരും മത്സരങ്ങളിലും ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

അതേസമയം മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മൊറോക്കോയായിരുന്നു. ഇസ്മായില്‍ സൈബാരിയാണ് വല കുലുക്കിയത്. 21ാം മിനിട്ടില്‍ താരം കാനറിപടയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചത്.

സ്വന്തം ഹാഫില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ബ്രാഹിം ഡിയാസ് നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ബ്രസീല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനെ കാഴ്ചക്കാരനാക്കി സൈബാരി ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറിന്റെ തലക്ക് മുകളിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍, ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബ്രസീല്‍ തിരിച്ചടിച്ചു. 32ാം മിനിട്ടിലായിരുന്നു ടീമിന്റെ സമനില ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറാണ് ഗോള്‍ ലക്ഷ്യം കണ്ടത്.

ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗുയിമാറാസുമായി നടത്തിയ മികച്ച മുന്നേറ്റത്തിലൂടെയാണ് വിനി വല കുലുക്കിയത്. ഇടത് വിങ്ങിലൂടെ പന്തുമായി ബോക്സിലേക്ക് പാഞ്ഞുകയറിയ താരം മൊറോക്കന്‍ പ്രതിരോധനിരയെ ഞെട്ടിച്ചാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയ ഗോളിനായി നീക്കങ്ങള്‍ നടത്തിയെങ്കിലും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Ayyoub Bouaddi create a rare record in world cup after 60 years

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more