വടകര: “തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നവര്‍ പണി ചെയ്യാതെ കൂലി വാങ്ങുന്നവരാണെന്ന് പറയുന്നവരുണ്ട്. ദിവസം 272 രൂപയ്ക്കാണെങ്കിലും ആത്മാര്‍ത്ഥതയോടെയാണ് ഞങ്ങള്‍ ജോലി ചെയ്ത്. ആരോഗ്യം നോക്കാതെയാണ് തോട്ടിലെ ചെളി കോരിയതും വെയിലത്ത് കാടു വെട്ടിയതും. എന്നാല്‍ പണി കഴിഞ്ഞിട്ട് വര്‍ഷം ഒന്നാവാറായിട്ടും ഞങ്ങള്‍ക്കിതുവരെ കൂലി ലഭിച്ചിട്ടില്ല” വടകര മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡിലെ എന്‍.പി സതി പറയുന്നു.
അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ ജോലി ചെയ്ത തങ്ങളുടെ വേതനം ഒരു വര്‍ഷത്തോളമായി കുടിശ്ശികയാണെന്ന് വടകര മുനിസിപ്പാലിറ്റിക്കു കീഴില്‍ തൊഴിലുറപ്പു പദ്ധതിയിലേര്‍പ്പെട്ട ജോലിക്കാര്‍ പറയുന്നു. “10 മാസം മുമ്പ് കഴിഞ്ഞ എന്റെ ജോലിയുടെ കൂലി എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വ്യക്തമായ ഒരു മറുപടിയും മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ശരിയാവും എന്ന മറുപടി മാത്രമാണ് മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കുന്നത്. ഡിസംബര്‍ 28ന് വേതനം നല്‍കാമെന്നായിരുന്നു ചെയര്‍മാന്‍ അവസാനത്തെ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ഇത് വരെ ഒന്നും തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല”- എന്‍.പി സതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വടകര മുനിസിപ്പാലിറ്റിക്കു കീഴിലെ 47 വാര്‍ഡുകളില്‍ മിക്ക വാര്‍ഡുകളിലേയും തൊഴിലുറപ്പു ജോലിക്കാര്‍ക്ക് 2017 നവംബര്‍ മുതലുള്ള വേതനം കുടിശ്ശികയാണെന്ന് 39ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ഗിരീഷന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഫണ്ടു ലഭിക്കാത്ത പ്രശ്‌നം ഇല്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇപ്പൊഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.
“നേരത്തെയുള്ള ഓവര്‍സിയറും എന്‍ഞ്ചിനിയറും സ്ഥലം മാറിപ്പോയത് ഒരുമിച്ചായിരുന്നു. അതിന് ശേഷം നിലവിലെ ഓവര്‍സിയറെ താല്‍കാലികമായി നിയമിക്കുകയായിരുന്നു. എന്നാല്‍ പുതുതായി വന്ന ഓവര്‍സിയര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മസ്‌റോള്‍ തയ്യാറാക്കുന്നതിലും ജോലി നടന്നതിന്റെ രേഖകള്‍ തയ്യാറാക്കുന്നതിലും പരാജയപ്പെട്ടു. ഇത് ശരിയാക്കാതെ ആളുകള്‍ക്ക് വേതനം നല്‍കാന്‍ കഴിയില്ല. ഒന്നുരണ്ടായിരം തൊഴിലാളികള്‍ ഈ പദ്ധതിക്കു കീഴില്‍ ഇവിടെ മാത്രമായി ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഓവര്‍സിയര്‍ അവധിയിലുമാണ്. എത്രയും പെട്ടെന്ന് നിലവിലെ പ്രതിസന്ധി തരണം ചെയ്യുകയും പുതിയ ഓവര്‍സിയറെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും”- അദ്ദേഹം പറഞ്ഞു.
നിലവിലെ ഓവര്‍സിയര്‍ വ്യക്തിപരമായ കാരണങ്ങള്‍ക്ക് നിരവധി അവധികള്‍ എടുക്കുന്നതായും ജോലിയില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ജോലിക്കാര്‍ പരാതിപ്പെടുന്നു. “മുനിസിപ്പാലിറ്റിയാണല്ലോ ഓവര്‍സിയറെ ജോലിക്കെടുത്തത്. അപ്പോള്‍ മുനിസിപ്പാലിറ്റിക്കാണല്ലോ ഇതിന്റെ ഉത്തരവാദിത്വം”- തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ശാന്തയുടെ ഭര്‍ത്താവ് അനീഷ് ബാബു ചോദിക്കുന്നു.
അതേസമയം, വേതനം കുടിശ്ശികയായി മാസങ്ങളായിട്ടും മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന കാര്യം വാര്‍ഡ് അംഗങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട്. “കഴിഞ്ഞ മാസം ചെയര്‍മാന്‍ ഞങ്ങളോട് പറഞ്ഞത് ഇക്കാര്യം ഇപ്പോള്‍ മാത്രമാണ് എന്റെ ശ്രദ്ധയില്‍ പെട്ടതെന്നാണ്. ഉടന്‍ തന്നെ ഇതിന് പരിഹാരം കാണുമെന്നും അദ്ദേഹം വാക്കു നല്‍കി. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല”- സതി പറഞ്ഞു.
വേതനം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മേപ്പയില്‍ വാര്‍ഡിലെ 500ഒാളം തൊഴിലാളികള്‍ ഇന്നലെ മുനിസിപ്പാലിറ്റി ഓഫീസില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു. വേതനം ഇനിയും നീണ്ടു പോകുന്ന സാഹചര്യമാണെങ്കില്‍ തങ്ങളും മുനിസിപ്പാലിറ്റി ഓഫീസില്‍ പ്രതിഷേധിക്കുമെന്ന് സതി പറയുന്നു.
വേതനം വൈകുന്നതു മൂലം ഫണ്ട് തള്ളി പോകുമെന്ന ഭയവും ആളുകള്‍ക്കുണ്ട്. മാര്‍ച്ച് 31 വരെയാണ് ഫണ്ടിന്റെ കാലാവധി എന്നിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളികളുടെ നീക്കം. നിലവിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് തരണം ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്നും മുനിപ്പാലിറ്റിയോട് ആവശ്യപ്പെട്ടതായി കൗണ്‍സിലര്‍മാരായ പി.എം.മുസ്തഫ, പി.സഫിയ എന്നിവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഓവര്‍സിയറുടെ നിയമനത്തില്‍ ക്രമക്കേടുകളുണ്ടായിട്ടില്ലെന്നും, ഫണ്ടു തള്ളിപ്പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകില്ലെന്നും വടകര നഗരസഭാധ്യക്ഷന്‍ കെ.ശ്രീധരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി യോഗ്യതകളെല്ലാം പരിശോധിച്ച ശേഷമാണ് അവരെ ജോലിക്കെടുത്തത്. അവര്‍ മുന്നെ കൃത്യമായ ജോലി ചെയ്തിരുന്നവരുമാണ്. അവര്‍ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ട്, അവരത് മറച്ചു വെച്ചാണ് ജോലി നേടിയത്. വേതനത്തിന്റെ പ്രശ്‌നം അവസാന നിമിഷത്തിലാണ് എന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. അവരുടെ ഒപ്പു വേണ്ടിടത്ത് അത് തന്നെ വേണമല്ലോ. മാര്‍ച്ച് 31 വരെ സമയമുണ്ട്. എത്രയും പെട്ടന്നു തന്നെ ഇത് ശരിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്”- കെ.ശ്രീധരന്‍ പറഞ്ഞു.
Image Credits: Sohrab Sura/ Magnum Photos