പത്തനംതിട്ട: അയ്യന്‍കാളി ജയന്തി ആഘോഷത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഒഴിവാക്കി. പത്തനംതിട്ട കുളനടയിലെ കെ.പി.എം.എസ് യൂണിയന്റെ പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. പരിപാടിയില്‍ ഉദ്ഘാടകനായാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്ഷണിച്ചിരുന്നത്.
പരിപാടിയുടെ പോസ്റ്റര്‍ ഉള്‍പ്പെടെ സംഘാടകര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെ ഒഴിവാക്കാന്‍ തീരുമാനമുണ്ടായത്. സെപ്റ്റംബർ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്.
തുടര്‍ന്ന് രാഹുലിന് പകരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി ക്ഷണിക്കുകയും ചെയ്തു. രാഹുലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ ഒഴിവാക്കിയതെന്നാണ് സൂചന.
നിലവില്‍ ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രാഹുലിനെതിരെ സ്വമേധയാ കേസെടുത്തെങ്കിലും ലൈംഗിക ആരോപണങ്ങളില്‍ യുവതികള്‍ പരാതി നല്‍കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച യുവതിയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് പ്രധാനമായും ശ്രമിക്കുന്നത്. രാഹുലിനെതിരെ ആരോപണമുന്നയിച്ച യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക അടക്കമുള്ളവരില്‍ നിന്നും മൊഴിയെടുക്കും.
അതേസമയം രാഹുലിനെതിരെ പത്ത് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം മൂന്നാം കക്ഷികളുടേതാണ്. പരാതികളെല്ലാം പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
നിലവിലെ അന്വേഷണ സംഘത്തില്‍ സൈബര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രാഹുലിനെതിരെ തെളിവുകളായി വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഓഡിയോ കോളുകളും വരുന്നതിനാലാണ് സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തിയത്.
ഇതിനിടെ രാഹുലിന് പ്രതിരോധം തീര്‍ത്ത് എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെന്നും ഭരണപക്ഷം രാഹുലിനെതിരെ പ്രതിഷേധിച്ചാല്‍ നമുക്ക് കാണാമാണെന്നുമാണ് എം.എം. ഹസന്‍ പറഞ്ഞത്. കൂടാതെ രാഹുലിനെതിരെ രംഗത്തെത്തിയ യു.ഡി.എഫ് വനിതാ നേതാക്കളെ ഹസന്‍ വിമര്‍ശിക്കുകയും ചെയ്തു.
Content Highlight: Ayyankali Jayanti celebration; KPMS excludes Rahul Mamkootathil