| Wednesday, 25th March 2026, 1:24 pm

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വന്‍ ക്രമക്കേട്; 2021 ആശുപത്രികളെ പുറത്താക്കി, 263 കോടി രൂപ പിഴയിട്ടു: ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ (AB-PMJAY) വ്യാപക ക്രമക്കേട് നടന്നതായി കേന്ദ്രം. ക്രമക്കേട് നടത്തിയ 2021 ആശുപത്രികളെ പദ്ധതിയില്‍ നിന്നും പുറത്താക്കി.

രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആശുപത്രികളില്‍ നിന്നായി 263.72 കോടി രൂപ പിഴയായി ഈടാക്കാന്‍ ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 2026 മാര്‍ച്ച് 10 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് – പി.എം.ജെ.എ.വൈ (PMJAY) നടപ്പിലാക്കുന്നതിലെ ആശങ്കാജനകമായ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതാണ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പദ്ധതിയില്‍ തട്ടിപ്പുകള്‍ നടത്തിയതിന് 2,021 ആശുപത്രികളെ പാനലില്‍ നിന്ന് ഒഴിവാക്കിയതായും, ഈ ആശുപത്രികള്‍ക്ക് മേല്‍ 263.72 കോടി രൂപ പിഴ ചുമത്തിയതായും സര്‍ക്കാര്‍ മറുപടിയില്‍ സമ്മതിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും കുറിച്ച് ഈ കണക്കുകള്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഇത്രയധികം ആശുപത്രികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത്, നിരീക്ഷണ സംവിധാനങ്ങളിലെയും പരിശോധനകളിലെയും പാളിച്ചകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

വലിയ തോതിലുള്ള ക്രമക്കേടുകള്‍ ഇതിനകം നടന്നിട്ടുണ്ടെന്നും, ഇത് പൊതുജനങ്ങളുടെ പണവും രോഗികളുടെ സുരക്ഷയും ഒരേപോലെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്തരം തട്ടിപ്പുകളുടെ ആകെ തുക എത്രയാണെന്നോ, കുറ്റക്കാരായ സ്ഥാപനങ്ങളില്‍ നിന്ന് പിഴത്തുക മുഴുവനായും ഈടാക്കിയിട്ടുണ്ടോ എന്നി കാര്യങ്ങളില്‍ സര്‍ക്കാരിന്റെ മറുപടിയില്‍ യാതൊരു വ്യക്തതയുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

തട്ടിപ്പുകളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര മന്ത്രാലയം പറയുന്നത്.

ഒരേ ചികിത്സയ്ക്ക് ഒന്നിലധികം തവണ ക്ലെയിം നല്‍കിയും യഥാര്‍ത്ഥ ചികിത്സാ ചിലവിനേക്കാള്‍ വലിയ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയും .ഗുണഭോക്താക്കള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് തുക തട്ടിയെടുത്തതെന്ന് സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു.

ക്രമക്കേട് കണ്ടെത്തുന്ന ആശുപത്രികളെ എംപാനല്‍മെന്റില്‍ നിന്ന് സ്ഥിരമായി നീക്കം ചെയ്യാനും കനത്ത പിഴ ചുമത്താനും കേസെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. സംസ്ഥാനങ്ങളിലെ ആന്റി ഫ്രോഡ് യൂണിറ്റുകളുമായി ചേര്‍ന്നാണ് ഇതിനുള്ള അന്വേഷണങ്ങള്‍ നടക്കുന്നത്.

പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയാനും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

Content Highlight: Ayushman Bharat Scam 2021 Hospital De Empanelled

Latest Stories

We use cookies to give you the best possible experience. Learn more