| Friday, 28th November 2025, 7:32 pm

മാഹ്‌ത്രെ കൊടുങ്കാറ്റില്‍ കടപുഴകി രോഹിത്; ഈ നേട്ടത്തില്‍ ഇനി ഇവന്‍ വാഴും!

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ടി – 20 ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി ചെന്നൈ സൂപ്പര്‍ കിങ്സ് താരം ആയുഷ് മാഹ്‌ത്രെ. മുംബൈയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ഓപ്പണറായി എത്തിയാണ് താരത്തിന്റെ മിന്നും ബാറ്റിങ്.

മാഹ്‌ത്രെ 53 പന്തില്‍ പുറത്താവാതെ 110 റണ്‍സാണ് എടുത്തത്. എട്ട് വീതം സിക്സും ഫോറുമാണ് താരത്തിന്റെ ഇന്നിങ്സ്. വിദര്‍ഭക്കെതിരെ താരം 207.55 എന്ന അതുഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

ഈ തകര്‍പ്പന്‍ ഇന്നിങ്സോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മാഹ്‌ത്രെ സ്വന്തമാക്കിയത്. എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് ഇടം കൈയ്യന്‍ ബാറ്റര്‍. ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ (ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി -20)

(താരം – രാജ്യം – പ്രായം എന്നീ ക്രമത്തില്‍)

ആയുഷ് മാഹ്‌ത്രെ – ഇന്ത്യ 18 വയസ് 135 ദിവസം

രോഹിത് ശര്‍മ – ഇന്ത്യ – 19 വയസ് 339 ദിവസം

ഉന്മുക്ത് ചന്ദ് – ഇന്ത്യ – 20 വയസ് പൂജ്യം ദിവസം

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 20 വയസ് 62 ദിവസം

അഹമ്മദ് ഷെഹ്സാദ് – പാകിസ്ഥാന്‍ – 20 വയസ് 97 ദിവസം

അതേസമയം, മാഹ്‌ത്രെയുടെ പ്രകടനത്തില്‍ മുംബൈ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ടീമിനായി താരത്തിന് പുറമെ, ശിവം ദുബെ 19 പന്തില്‍ പുറത്താവാതെ 39 റണ്‍സ് നേടി. ഒപ്പം സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 35 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവരുടെ ബാറ്റിങ് കരുത്തില്‍ 193 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

വിദര്‍ഭയെ യഷ് താക്കൂര്‍, പാര്‍ത്ത് രേഖഡെ, ദര്‍ശന്‍ നല്‍ക്കണ്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ, വിദര്‍ഭ ഒമ്പത് വിക്കറ്റിന് 192 റണ്‍സ് എടുത്തിട്ടുണ്ട്. അഥര്‍വ തൈഡെ (36 പന്തില്‍ 64), അമന്‍ മൊഖഡെ (30 പന്തില്‍ 61) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

മുംബൈയ്ക്കായി ശിവം ദുബെ, സായ്രാജ് പാട്ടീല്‍ എന്നിവര്‍ മൂന്ന് വിക്കറ്റും അഥര്‍വ അങ്കോലേക്കര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷര്‍ദുല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Ayush Mhatre became the youngest man to score a century in all three formats surpassing Rohit Sharma

We use cookies to give you the best possible experience. Learn more