| Thursday, 17th September 2026, 4:34 pm

യു.പിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന് യുവാവിന് തടങ്കല്‍; മോചിപ്പിക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

റെന്വര്‍ പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇസ്‌ലാം സ്വീകരിച്ചതിന് വീട്ടുകാര്‍ തടങ്കലിലാക്കിയ യുവാവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനും മുസ്‌ലിം യുവതിയെ വിവാഹം ചെയ്തതിനും കുടുംബാംഗങ്ങള്‍ വീട്ടുതടങ്കലിലാക്കിയ 31 കാരന്‍ ആയുഷ് മാലിക്കിനെ സ്വതന്ത്രനാക്കാനാണ് ഒരു ഹേബിയസ് കോര്‍പസ് പരിഗണിച്ച കോടതി ഉത്തരവിട്ടത്.

മാലിക്കിന്റെ പിതാവ് ദേവരാജ് സിങ് മാലിക് സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ മാലിക്കിനെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് സുഹൃത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സ്വന്തം മതം, താമസസ്ഥലം എന്നിവ തെരഞ്ഞെടുക്കലും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കലും മുതിര്‍ന്ന ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

താന്‍ സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ചതാണെന്നും തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ ഭീഷണിപ്പെടുത്തുകയും നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ചെയ്തുവെന്നും മാലിക് കോടതിയെ അറിയിച്ചു. ചാന്ദ്‌നി ഖുറേഷി എന്ന മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചത് സ്വന്തം തീരുമാന പ്രകാരമാണെന്നും മാലിക് വ്യക്തമാക്കി.

ഒരു മുതിര്‍ന്ന വ്യക്തിയുടെ വിശ്വാസം സംബന്ധിച്ച തീരുമാനത്തെ കുടുംബാംഗങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന കാരണത്താല്‍ മാത്രം തള്ളിക്കളയാനാവില്ല എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സന്ദീപ് ജെയിനിന്റെ ബെഞ്ച് നിരീക്ഷിച്ചു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഒരു മുതിര്‍ന്ന വ്യക്തിയുടെ തീരുമാനം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രകടനമാണെന്നും കോടതി വ്യക്തമാക്കി.

നിര്‍ബന്ധത്തിനോ ഭീഷണിക്കോ അനാവശ്യ സ്വാധീനത്തിനോ പ്രലോഭനത്തിനോ വഴങ്ങാതെയാണ് താന്‍ 2014-ല്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതെന്ന് മാലിക് കോടതിയെ അറിയിച്ചു. മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച താന്‍ അന്നു മുതല്‍ ഇസ്ലാമിലെ പ്രധാന ആചാരങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖുറേഷിയുമായുള്ള വിവാഹനിശ്ചയത്തെ കുടുംബം എതിര്‍ത്തിരുന്നു. തുടര്‍ന്ന് തന്നെ അവര്‍ ഭീഷണിപ്പെടുത്തി. തന്നെ അവര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കി. ഈ വര്‍ഷം ജൂണ്‍ നാല് മുതല്‍ തന്നെ അവര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മാലിക് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, മാലിക്കിന്റെ വാദങ്ങള്‍ പിതാവ് നിഷേധിച്ചു. പുറത്ത് നിന്നുള്ള സ്വാധീനമോ ബ്രെയിന്‍ വാഷോ കാരണമാണ് മാലിക് ഇസ്‌ലാം സ്വീകരിച്ചതെന്ന് പിതാവ് ആരോപിച്ചു. മകന്റെ അവസ്ഥകളെകുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് മതം മാറ്റത്തെയും വിവാഹത്തെയും താന്‍ എതിര്‍ത്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ഒരാള്‍ തന്റെ തീരുമാനം സ്വതന്ത്രമാണെന്ന് കോടതിയില്‍ വ്യക്തമാക്കിയാല്‍ ആ തീരുമാനത്തെ മാനിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

തന്റെ കുടുംബത്തിന്റെ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടാണ് മകന്റെ ഭാര്യയുടെ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചതെന്നും പിതാവ് ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് മതം മാറ്റമെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളുന്നയിച്ച് വിവാഹശേഷം മാലികിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പരാതിയെ തുടര്‍ന്ന്, മാലികിന്റെ ഭാര്യ ചാന്ദ്‌നി ഖുറേഷിക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെ ‘ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം-2021’ പ്രകാരം ഷാംലി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നിയമപ്രകാരം ചാന്ദ്‌നി ഖുറേഷിയെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലിട്ടിരുന്നു.

Content Highlight: Ayush Malik converted to Islam by choice, rules Allahabad HC

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more