| Saturday, 11th July 2026, 10:36 pm

അയോധ്യ ക്ഷേത്രക്കൊള്ള: ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുള്ള ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം, സുപ്രീം കോടതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ആദർശ് എം.കെ.

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവനകളില്‍ വന്‍തോതില്‍ ക്രമക്കേടും വെട്ടിപ്പും നടന്നതില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ്, പൊതുജനവിശ്വാസം തകര്‍ക്കുന്നതാണെന്നും ദശലക്ഷക്കണക്കിന് ഭക്തരുടെ മതവികാരത്തെ അവഗണിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.

പൊതുവിശ്വാസം വീണ്ടെടുക്കുന്നതിനായി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ട്രസ്റ്റ് രൂപീകരിച്ചത് മുതല്‍ ഇന്നുവരെയുള്ള അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംങ്‌വി ആവശ്യപ്പെട്ടത്.

നിലവില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രതിനിധികള്‍ ഭരിക്കുന്ന ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്’ പുനസംഘടിപ്പിക്കണമെന്നും, പകരം നിഷ്പക്ഷരായ പ്രമുഖ വ്യക്തികളെയും സിവില്‍ സൊസൈറ്റി പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംഭാവനകള്‍ കവര്‍ന്ന കേസില്‍ താഴേത്തട്ടിലുള്ള ജീവനക്കാര്‍ക്കെതിരെ മാത്രമാണ് നിലവില്‍ നടപടിയെടുത്തിട്ടുള്ളത്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഭാരവാഹികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എന്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചു.

ഏപ്രില്‍ 27നും ജൂണ്‍ അഞ്ചിനും ഇടയില്‍ ക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന മുറിയില്‍ നിന്ന് 70 തവണ മോഷണം നടന്നതായി എസ്.ഐ.ടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി അഭിഷേക് മനു സിങ്‌വി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2024 ജനുവരിയില്‍ നടന്ന ‘പ്രാണ പ്രതിഷ്ഠാ’ ചടങ്ങിനായി ഏകദേശം 113 കോടി രൂപയും, തുടര്‍ന്ന് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനായി 10 കോടി രൂപയിലധികവും ചിലവാക്കിയതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സിങ്‌വി ആരോപിച്ചു.

ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെയും വിശ്വാസത്തെയുമാണ് ഈ വെട്ടിപ്പ് ബാധിച്ചിരിക്കുന്നതെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു.

അതേസമയം, ക്ഷേത്ര സംഭാവനകള്‍ മോഷ്ടിക്കപ്പെട്ടത് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതും പറഞ്ഞു.

ജൂണ്‍ ഏഴിനാണ് സംഭാവനകളിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ജൂണ്‍ 25ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Content Highlight:  Ayodhya temple land scam: Congress demands reconstitution of the trust—currently comprising BJP-RSS leaders—and a Supreme Court-monitored probe.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more