ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളുടെ തട്ടിപ്പ് സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് വി.എച്ച്.പി.
കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കണമെന്നും വി.എച്ച്.പി പറഞ്ഞു. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
‘അയോധ്യ രാമക്ഷേത്ര സംഭാവന കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഒരു ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിദിന അടിസ്ഥാനത്തില്‍ ഈ കേസ് പരിഗണിക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുകയും വേണം,’ അലോക് കുമാര്‍ വ്യക്തമാക്കി.
വൈകിപ്പിക്കാതെ ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ പരാമര്‍ശം.
ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് ആണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം ജൂണ്‍ 13-നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
വി.എച്ച്.പി നേതാവായ ചമ്പത് റായ് അടക്കമുള്ളവരെയായിരുന്നു എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നത്. അദ്ദേഹത്തെ സംരക്ഷിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ടായിരുന്നു.
രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.
ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിലെ തിരിമറികളെക്കുറിച്ച് പവന്‍ പാണ്ഡേ ആരോപണങ്ങളുന്നയിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ ഒമ്പതിന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്ത് ലഭിച്ച ശേഷം രാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഫണ്ട് തിരിമറി ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചിരുന്നു. വി.എച്ച്.പിയും ഈ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവയൊന്നും തെളിയിക്കാനായില്ലെന്നുമായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലും ക്ഷേത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംഭാവനകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
Content Highlight: Ayodhya fund scam; VHP demands punishment of all culprits