| Friday, 26th June 2026, 7:09 am

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്; എസ്.ഐ.ടി അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍: കെജ്‌രിവാള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണം കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സത്യം പുറത്ത് കൊണ്ടുവരലല്ല, സ്വാധീനമുള്ള ആളുകളെ സംരക്ഷിക്കുക എന്നതാണ് എസ്.ഐ.ടി അന്വേഷണത്തിന്റെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അയോധ്യയിലേക്കുള്ള യാത്രാ മധ്യേ ലഖ്‌നൗ എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഭക്തര്‍ ദൈവത്തിന് സമര്‍പ്പിച്ച വജ്രങ്ങളും വിലയേറിയ രത്‌നങ്ങളും മോഷ്ടിക്കപ്പെട്ടു. 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും മോഷ്ടിക്കപ്പെട്ടു. എനിക്കിതില്‍ അതിയായ ദുഖമുണ്ട്. എന്നെ പോലുള്ള കോടിക്കണക്കിന് ആളുകള്‍ ദുഖത്തിലാണ്. അത് കൊണ്ടാണ് ഞാന്‍ അയോധ്യയിലേക്ക് പോവുന്നത്,’ അദ്ദേഹം പറഞ്ഞു. മോഷണത്തിന് തെളിവുകളുണ്ടായിട്ടും എഫ്.ഐ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ എഫ്.ഐ.ആര്‍ ഇല്ലാതെ ഒരു എസ്.ഐ.ടി രൂപീകരിക്കാനാവില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ എസ്.ഐ.ടി രൂപീകരിക്കാന്‍ കഴിയൂ എന്ന് സി.ആര്‍.പി.സി പറയുന്നു. അപ്പോള്‍ ഏത് നിയമപ്രകാരമാണ് ഈ എസ്.ഐ.ടി രൂപീകരിച്ചിരിക്കുന്നത്,’ കെജ്‌രിവാള്‍ ചോദിച്ചു.

ഈ എസ്.ഐ.ടിക്ക് അന്വേഷണം നടത്താന്‍ അധികാരമില്ലെന്നും ആളുകളെ വഞ്ചിക്കാനുള്ള കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാധീനമുള്ള ആളുകളെ സംരക്ഷിക്കുകയും മുഴുവന്‍ സത്യങ്ങളും മറച്ച് വെക്കുകയും മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.

ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിലെ തിരിമറികളെക്കുറിച്ച് പവന്‍ പാണ്ഡേ ആരോപണങ്ങളുന്നയിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ ഒമ്പതിന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്ത് ലഭിച്ച ശേഷം രാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

ഫണ്ട് തിരിമറി ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചിരുന്നു. വി.എച്ച്.പിയും ഈ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവയൊന്നും തെളിയിക്കാനായില്ലെന്നുമായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലും ക്ഷേത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംഭാവനകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിയോഗിച്ച എസ്.ഐ.ടി സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ സഹായികളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Content Highlight: Ayodhya fund scam case; SIT investigation is throwing dust in people’s eyes: Kejriwal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more