| Sunday, 31st August 2025, 8:07 am

ആയത്തുള്ള ഭരണകൂടം തകര്‍ച്ചയുടെ വക്കില്‍; ഇറാനില്‍ ആഭ്യന്തരയുദ്ധമുണ്ടായേക്കും; ഹെന്റി ജാക്‌സണ്‍ സൊസൈറ്റി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് യു.കെ ആസ്ഥാനമായുള്ള ഹെന്റി ജാക്‌സണ്‍ സൊസൈറ്റിയുടെ (എച്ച്.ജെ.എസ്) റിപ്പോര്‍ട്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന് ചുറ്റും മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് സെനറ്ററും പ്രമുഖ ഡെമോക്രാറ്റുമായ ഹെന്റി എം. ജാക്സന്റെ പേരില്‍ അറിയപ്പെടുന്ന സൊസൈറ്റിയാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി.

ടെഹ്‌റാന്‍ ഈ വര്‍ഷം ഇതിനകം 900 ഓളം ആളുകളെ വധശിക്ഷക്ക് വിധേയരാക്കിയതായി യു.എന്‍ ആരോപിച്ചിരുന്നു. ഇതിനിടയില്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ആഭ്യന്തരയുദ്ധത്തോടൊപ്പം ഇറാനെ ശൂന്യതയിലേക്ക് നയിച്ചേക്കുമെന്നുമാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റിയുടെ വാദം.

ഇറാന്‍ ജനത എന്ത് വില കൊടുത്തും ഒഴിവാക്കേണ്ട കാര്യമാണ് ആഭ്യന്തര യുദ്ധമെന്നും ഏതൊരു പരിവര്‍ത്തനവും വേഗത്തിലാണെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഹെന്റി ജാക്‌സണ്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

‘ആയത്തുള്ള സര്‍ക്കാര്‍ അവരുടെ ആണവ പദ്ധതി പുനസ്ഥാപിക്കുന്നതിനും പ്രദേശികമായും അന്തര്‍ദേശീയമായും ഭീകരത കയറ്റുമതി ചെയ്യുന്നതിനും പ്രതിജ്ഞാബദ്ധമാണ്,’ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് പാശ്ചാത്യര്‍ക്ക് നിരന്തരമായ ഭീഷണിയായി മാറുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഭരണകൂടം ഇറാന്‍ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഭരണകൂടത്തിന് എതിരായ പ്രായോഗിക എതിര്‍പ്പിനെ പിന്തുണക്കുന്നതിലൂടെ ആഭ്യന്തര യുദ്ധം തടയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇറാന്‍ ഭരണകൂടത്തിനേറ്റ വിവിധ തിരിച്ചടികളുടെ വെളിച്ചത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത്.

അമേരിക്കയുമായി ചേര്‍ന്ന് ഇസ്രഈല്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയത് ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഭരണകൂടം ഉയര്‍ത്തുന്ന തന്ത്രപരവും സുരക്ഷാപരവുമായ ഭീഷണികള്‍ ഇത് ഇല്ലാതാക്കിയിട്ടില്ല.

ഇറാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കുകയോ ദീര്‍ഘദൂര മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ നിര്‍മിക്കുകയോ ആണവ പദ്ധതിക്കായി കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം വികസിപ്പിക്കുകയോ ചെയ്താല്‍ ഇസ്രഈലും അമേരിക്കയും സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Ayatollah regime on the verge of collapse; Civil war may break out in Iran; Henry Jackson Society Report

We use cookies to give you the best possible experience. Learn more