ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയന്‍ ചൊവ്വാഴ്ച ഇറാഖിലേക്ക് തിരിക്കും. ഇറാഖില്‍ നജാഫ്, കര്‍ബല നഗരങ്ങളില്‍ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാനായാണ് പെസെസ്‌കിയന്‍ ഇറാഖിലേക്ക് പോവുക.
ഈ മാസം നാലിനാണ് ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആദ്യ മൂന്ന് ദിനങ്ങളില്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് ചടങ്ങുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ഖാംനഇയുടെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല സമുച്ഛയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ഇന്നായിരുന്നു ടെഹ്‌റാനില്‍ അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര.
ഖാംനഇയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര 10 കിലോമീറ്ററോളം നീണ്ടു. ലക്ഷക്കണക്കിന് പേര്‍ വിലാപയാത്രക്ക് സാക്ഷിയായി.
ടെഹ്റാനിലെ ചടങ്ങുകള്‍ക്ക് ശേഷം ഖാംനഇയുടെ ഭൗതിക ശരീരം ഖോം നഗരത്തിലെത്തിക്കും. തുടര്‍ന്നാണ് നജഫ്, കര്‍ബല നഗരങ്ങളിലും ചടങ്ങുകള്‍. മഷാദ് നഗരത്തിലെ റേസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം സംസ്‌കരിക്കുക.
പുണ്യ നഗരങ്ങളായ നജഫിലും കര്‍ബലയിലും സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങുകളാണ് നടക്കുകയെന്നാണ് വിവരം. ബുധനാഴ്ചയാണ് ഈ നജഫിലെയും കര്‍ബലയിലെയും ചടങ്ങുകള്‍.
ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെയും സംസസ്‌കാര ചടങ്ങുകള്‍ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടക്കുന്നത്.
കറുത്ത വസ്ത്രം ധരിച്ച് ലക്ഷക്കണക്കിന് പേരാണ് ഖാംനഇക്ക് അന്തിമോപചാരം അര്‍പിക്കാന്‍ മൂന്ന് ദിവസത്തിനിടെ ടെഹ്‌റാനിലെത്തിയത്. ഒരുകോടിയോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നതായാണ് ഇറാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
Content Highlight: Ayatollah Khamenei’s Funeral at Tehran and Iraqi Cities of Najaf and Karbala