| Thursday, 26th June 2025, 6:36 pm

യു.എസിന്റെ വ്യോമകേന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കപ്പെട്ടേക്കാം; ഇറാന്‍ കീഴടങ്ങണമെന്ന് പറഞ്ഞത് ട്രംപിന്റെ വലിയ വായിലെ വര്‍ത്തമാനമെന്ന് ഖാംനഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇസ്രഈലിനെതിരായ വിജയത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. സയണിസ്റ്റ് ഭരണകൂടത്തിനെതിരായ വിജയത്തില്‍ രാജ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച പരമോന്നത നേതാവ് ഇറാന്റെ ആക്രമണങ്ങളില്‍ സയണിസ്റ്റ് ഭരണകൂടം ഏതാണ്ട് തകര്‍ന്നെന്നും അഭിപ്രായപ്പെട്ടു.

ഇസ്രഈല്‍ യുദ്ധത്തില്‍ പരാജയപ്പെടുമോ എന്ന ഭീതിയുള്ളതിനാലാണ് അമേരിക്ക നേരിട്ട് ഇറാനെതിരായ യുദ്ധത്തില്‍ പ്രവേശിച്ചതെന്നും എന്നിട്ടും ഇസ്രഈലിനെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ഖാംനഇ പറഞ്ഞു.

‘യു.എസ് ഭരണകൂടത്തിനെതിരെ ഇറാന്‍ നേടിയ വിജയത്തിന് എന്റെ അഭിനന്ദനങ്ങള്‍. യുദ്ധത്തില്‍ നേരിട്ട് പ്രവേശിച്ചില്ലെങ്കില്‍ സയണിസ്റ്റ് ഭരണകൂടം പൂര്‍ണമായും തകര്‍ക്കപ്പെടുമെന്ന് കരുതിയാണ് യു.എസ് നേരിട്ട് യുദ്ധത്തില്‍ പ്രവേശിച്ചത്. ഇസ്രഈല്‍ ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അവര്‍ യുദ്ധത്തില്‍ പ്രവേശിച്ചെങ്കിലും ഒന്നും നേടാനായില്ല,’ ഖാംനഇ പറഞ്ഞു.

ഇറാന്‍ അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്നും പശ്ചിമേഷ്യയിലെ പ്രധാന യു.എസ് താവളങ്ങളിലൊന്നായ അല്‍-ഉദൈദ് വ്യോമതാവളത്തെ ആക്രമിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ രാജ്യത്തിന് സാധിച്ചെന്നും ഖാംനഇ അവകാശപ്പെട്ടു.

മേഖലയിലെ പ്രധാന യു.എസ് കേന്ദ്രങ്ങളിലേക്ക് ഇറാന് എപ്പോള്‍ വേണമെങ്കിലും പ്രവേശനം സാധ്യമാണെന്നും ആവശ്യസാഹചര്യങ്ങളില്‍ അനുയോജ്യമായ നടപടിയെടുക്കാന്‍ കഴിയുമെന്നത് നല്ലകാര്യമാണെന്നും ഭാവിയിലും ഇത്തരം നടപടികള്‍ ഉണ്ടായേക്കുമെന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ശത്രു തീര്‍ച്ചയായും കനത്ത വില നല്‍കേണ്ടിവരുമെന്നും ഖാനഇ പറഞ്ഞു.

ഇറാന്‍ കീഴടങ്ങണം എന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞെന്നും എന്നാല്‍ ഈ പ്രസ്താവന യു.എസ് പ്രസിഡന്റിന്റെ വായില്‍ നിന്ന് പുറത്തുവരുന്നതിലും വളരെ വലുതാണെന്നും ഖാംനഇ അഭിപ്രായപ്പെട്ടു.

അതേസമയം ഇസ്രഈല്‍-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ പുനരാംഭിക്കാനുള്ള ശ്രമത്തിലാണ് യു.എസ്. ഇറാന്റെയും യു.എസിന്റെയും പ്രതിനിധി ചര്‍ച്ച അടുത്ത ആഴ്ചയുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ആണവ കരാറില്‍ ഒപ്പുവെയ്ക്കാനുള്ള സാധ്യതകള്‍ വീണ്ടും തുറന്നിടുന്നതായിരിക്കും ഈ ചര്‍ച്ചകളെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രഈലും ഇറാനും തമ്മിലുള്ള യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഇറാനെതിരായ യു.എസ് ആക്രമണങ്ങള്‍ സഹായിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlight: Ayatollah Ali Khamenei warns US

We use cookies to give you the best possible experience. Learn more