| Tuesday, 6th October 2026, 9:03 pm

റണ്ണെടുക്കാനും സമ്മതിക്കില്ല, ഔട്ടാക്കുകയും ചെയ്യും; വിക്കറ്റ് മെയ്ഡന്‍, ബാപ്പുവിന്റെ സ്ഥാനം ഇനി ബുംറയ്‌ക്കൊപ്പം

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ 172 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. വെടിക്കെട്ട് വീരന്‍മാരാല്‍ സമ്പന്നമായി വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ആറാം ഓവറാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബ്രൂട്ടല്‍ ഹിറ്റിങ്ങിന് പേരുകേട്ട വിന്‍ഡീസിന്റെ രണ്ട് കരുത്തന്‍മാര്‍ ഈ ഓവറില്‍ പുറത്തായിരുന്നു. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഒറ്റ റണ്ണെടുക്കാന്‍ പോലും സാധിക്കാതെയാണ് വിന്‍ഡീസിന്റെ രണ്ട് താരങ്ങള്‍ തിരികെ നടന്നത്.

ടീം സ്‌കോര്‍ 44ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്‍ ഔട്ടായി മടങ്ങി. സ്‌ട്രൈക്കിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ഡ്രൈവ് ചെയ്ത് ഒരു സിംഗിളിന് ശ്രമിച്ചെങ്കിലും ശ്രേയസ് അയ്യര്‍ – സഞ്ജു സാംസണ്‍ കൂട്ടുകെട്ടില്‍ നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ഹെറ്റ്‌മെയര്‍ റണ്‍ ഔട്ടായി മടങ്ങി. രണ്ട് പന്തില്‍ അഞ്ച് റണ്ണുമായാണ് ഹെറ്റ്‌മെയര്‍ പുറത്തായത്.

വമ്പനടിവീരന്‍ റോവ്മന്‍ പവലാണ് ശേഷം ക്രീസിലെത്തിയത്. അക്‌സറിന്റെ രണ്ട് പന്തുകള്‍ അതിജീവിച്ചെങ്കിലും നേരിട്ട മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന് ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ സാധിക്കാതെ പോയതോടെ ആ ഓവര്‍ മെയ്ഡനാവുകയും ചെയ്തു.

ഇതോടെ ഒരു റെക്കോഡും അക്‌സറിന്റെ പേരില്‍ കുറിക്കപ്പെട്ടു. പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റ് മെയ്ഡനുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും അക്‌സറിന് സാധിച്ചു. പവര്‍പ്ലേയില്‍ അക്സര്‍ വിക്കറ്റ് മെയ്ഡന്‍ നേടുന്നത് ഇത് നാലാം തവണയാണ്.

അക്‌സര്‍ പട്ടേല്‍

പവര്‍പ്ലേകളില്‍ ഏറ്റവുമധികം വിക്കറ്റ് മെയ്ഡനുകള്‍ എറിയുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

ഭുവനേശ്വര്‍ കുമാര്‍ – 6

അക്‌സര്‍ പട്ടേല്‍ – 4*

ജസ്പ്രീത് ബുംറ – 4

ഹര്‍ദിക് പാണ്ഡ്യ – 2

രവി ബിഷ്‌ണോയ് – 2

മത്സരത്തില്‍ 3.1 ഓവര്‍ പന്തെറിഞ്ഞ് 26 റണ്‍സിന് രണ്ട് വിക്കറ്റുകളാണ് അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 171ന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും കരുത്തിലാണ് വിന്‍ഡീസ് മോശമല്ലാത്ത ടോട്ടല്‍ സ്വന്തമാക്കിയത്.

റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 52 റണ്‍സാണ് ഹോപ്പിന്റെ സമ്പാദ്യം. 15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

അക്‌സര്‍ പട്ടേലിന് പുറമെ അരങ്ങേറ്റക്കാരന്‍ നമന്‍ ധിര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവ് ടി-20യിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. അര്‍ഷ്ദീപ് സിങ്ങും മായങ്ക് യാദവുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Axar Patel has equaled Jasprit Bumrah’s record for the most maiden overs bowled in the powerplay in T20 Internationals among Indian players.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more