| Sunday, 24th May 2026, 10:45 pm

അക്‌സർ പട്ടേൽ 100 നോട്ട് ഔട്ട്; അവസാന ആട്ടത്തിൽ അടിച്ചെടുത്തത് ചരിത്രം

Sudev A

2026 ഐ.പി.എല്ലിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 204 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കെ.കെ.ആര്‍ നായകന്‍ അജിന്‍ക്യ രഹാനെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 30 പന്തില്‍ 60 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെ പോരാട്ടവും ശ്രദ്ധേയമായി. 25 പന്തില്‍ 39 റണ്‍സാണ് അക്സര്‍ നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ നേടിയ രണ്ട് സിക്‌സുകള്‍ക്ക് പിന്നാലെ ഐ.പി.എല്ലില്‍ 100 സിക്‌സുകള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കാനും അക്സര്‍ പട്ടേലിന് സാധിച്ചു.

ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐ.പി.എല്ലില്‍ 100+ സിക്‌സുകളും 100+ വിക്കറ്റുകളും നേടുന്ന നാലാമത്തെ താരം കൂടിയാണ് അക്സര്‍. രവീന്ദ്ര ജഡേജ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം കൊല്‍ക്കത്ത ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയതോടെയാണ് കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചത്.

മുംബൈ ഇന്ത്യന്‍സിനെ 30 റണ്‍സിന് വീഴ്ത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. കൊല്‍ക്കത്തക്കൊപ്പം 15 പോയിന്റുള്ള പഞ്ചാബ് കിങ്‌സും പുറത്തായി.

Content Highlight: Axar patel create a new record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more