| Monday, 24th March 2025, 12:09 pm

വിഘ്‌നേശ് ആ ഇതിഹാസ താരങ്ങളെ ഓര്‍മിപ്പിക്കുന്നു; മലയാളി താരത്തെ പ്രശംസിച്ച് നവ്‌ജോത് സിങ് സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ന് തളയ്ക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ആവേശം നിറഞ്ഞ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ 18ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ മറ്റൊരു നാണക്കേടിലാണ് തല വെച്ചത്.

എന്നിരുന്നാലും മുംബൈക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച യുവ താരം വിഘ്‌നേശ് പുത്തൂരിനെക്കുറിച്ചാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. 30 ലക്ഷത്തിന് മുംബൈ ടീമില്‍ എത്തിച്ച താരമാണ് മലയാളി സ്പിന്നറാണ് വിഘ്‌നേശ്. തുടര്‍ന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയര്‍ റോളില്‍ കളത്തിലിറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് താരം അരങ്ങേറ്റത്തില്‍ തന്നെ കാഴ്ചവെച്ചത്.

മികച്ച ഫോമില്‍ കളിച്ച ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ (26 പന്തില്‍ 53) വില്‍ ജാക്‌സിന്റെ കയ്യിലെത്തിച്ചാണ് സ്പിന്നര്‍ ആദ്യ വിക്കറ്റ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെയെ ഒമ്പത് റണ്‍സിന് തിലക് വര്‍മയുടെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റും വിഘ്‌നേശ് നേടി. ഏറെ വൈകാതെ മൂന്ന് റണ്‍സ് നേടിയ ദീപക് ഹൂഡയുടെ വിക്കറ്റും താരം നേടി.

ഇപ്പോള്‍ വിഘ്‌നേശ് പുത്തൂരിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഇന്ത്യയിലെ രണ്ട് ഇതിഹാസ സ്പിന്നര്‍മാരായ ബിഷന്‍ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓര്‍മിപ്പിക്കുന്നതാണ് വിഘ്‌നേശിന്റെ പ്രകടനമെന്ന് സിദ്ദു പറഞ്ഞു.

‘വിഘ്‌നേശ് വിക്കറ്റുകള്‍ വീഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു, സ്ലോ ബോളുകള്‍ ആണ് അവന്റെ ആയുധം. നിലവിലെ സ്പിന്നര്‍മാര്‍ സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല അവന്റെ. വിഘ്‌നേശ് വ്യത്യസ്തനാണ്, കാരണം അദ്ദേഹം ഒരു ഇതിഹാസ സ്പിന്നറെ പോലെ പന്തെറിഞ്ഞു.

വിഘ്നേഷിനെ കണ്ടപ്പോള്‍ ബിഷന്‍ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഞാന്‍ ഓര്‍ക്കുന്നു. ബിഷന്‍ സിങ് ബേദിയെ നെറ്റ്‌സില്‍ പോലും കളിക്കാന്‍ എളുപ്പമായിരുന്നില്ല,’ നവ്‌ജോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

Content Highlight: Navjot Singh Sidhu Praises Vignesh Puthur

We use cookies to give you the best possible experience. Learn more