| Friday, 15th May 2026, 11:05 pm

ശ്ശെടാ, ഗോവിന്ദരാജയെ കൊല്ലുന്ന സീനിന് ഇങ്ങനെ ഒരു ആംഗിളുണ്ടായിരുന്നോ? വൈറലായി ഹോളിവുഡ് റഫറന്‍സിനെക്കുറിച്ചുള്ള പോസ്റ്റുകള്‍

അമര്‍നാഥ് എം.

തിയേറ്ററിലെ വിജയത്തിന് ഒ.ടി.ടിയിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും മോഹിനിയാട്ടം തന്നെയാണ് ഇപ്പോഴും പല പേജുകളിലെയും സംസാരവിഷയം. ഭരതനാട്യം പോലൊരു ഫീല്‍ ഗുഡ് സിനിമക്ക് ഡാര്‍ക്ക് കോമഡി ഴോണറിലൊരു സീക്വലൊരുക്കിയ സംവിധായകനെ പലരും അഭിനന്ദിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നത്.

ഡാര്‍ക്ക് കോമഡിക്കൊപ്പം പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും മോഹിനിയാട്ടത്തില്‍ ആവശ്യത്തിലധികമുണ്ട്. പല റഫറന്‍സുകളും തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. ഒ.ടി.ടിയിലെത്തിയ ശേഷം സിനിമാപ്രേമികള്‍ മറ്റ് പല റഫറന്‍സ് സീനുകളും ഡീകോഡ് ചെയ്യുകയാണ്. സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രത്തെ കൊല്ലുന്ന സീനിനെക്കുറിച്ചാണ് ചില പോസ്റ്റുകള്‍.

മോഹിനിയാട്ടം Photo: Netflix

ശശിധരന്റെ അമ്മയും അളിയന്മാരും സഹോദരിമാരുമെല്ലാം ചേര്‍ന്നാണ് ഗോവിന്ദരാജയെ കൊല്ലുന്നത്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ശശിധരന്റെ അമ്മ ഗോവിന്ദരാജയുടെ കഴുത്ത് പിടിച്ച് ഒടിക്കുന്നതോടെയാണ് അയാള്‍ മരണപ്പെടുന്നത്. ഈ സീനിന് മറ്റൊരു ഹോളിവുഡ് ചിത്രമായി സാമ്യമുണ്ടെന്നാണ് പലരും കണ്ടുപിടിച്ചത്.

മാര്‍വലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ ഇത്തരമൊരു സീനുണ്ട്. വില്ലനായ താനോസിനെ ഇല്ലാതാക്കാനായി സൂപ്പര്‍ഹീറോകളെല്ലാം ഒന്നിക്കുന്ന സീനുണ്ട്. അയണ്‍ മാന്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, സ്‌പൈഡര്‍ മാന്‍, ഡ്രാക്‌സ് തുടങ്ങിയവരെല്ലാം താനോസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സീനും മോഹിനിയാട്ടത്തിലെ സീനും ഒരുപോലെയുണ്ടെന്നാണ് കണ്ടുപിടിത്തം.

മലയാളം, തമിഴ് എന്നിവ പോരാതെ അങ്ങ് ഹോളിവുഡില്‍ നിന്ന് വരെ റഫറന്‍സ് എടുത്തിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുഴച്ചുനില്‍ക്കുന്ന ഫീല്‍ ഉണ്ടാക്കിയിട്ടില്ലെന്നും കഥയുമായി ചേര്‍ന്ന് നില്‍ക്കുകയാണെന്നുമാണ് കമന്റുകള്‍. സംവിധായകന്‍ കറകളഞ്ഞ സിനിമാപ്രേമിയാണെന്ന് ഇത്തരം റഫറന്‍സുകളിലൂടെ മനസിലാകുമെന്നും പലരും അഭിപ്രായപ്പെടുന്നു.

ഗോവിന്ദരാജ എന്ന കഥാപാത്രവുമായുള്ള സംഘട്ടന രംഗത്തെക്കുറിച്ച് മറ്റ് ചില കമന്റുകളും വരുന്നുണ്ട്. ‘ഗോവിന്ദരാജ് നോ വേ ഹോം’ എന്ന പേരില്‍ ഒരു പോസ്റ്റര്‍ അടുത്തിടെ വൈറലായിരുന്നു. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ പ്രശംസ നേടുന്ന സിനിമകള്‍ കുറവാണ്. ആ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് മോഹിനിയാട്ടം.

Content Highlight: Avengers reference in Mohiniyattam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more