| Tuesday, 21st July 2026, 7:35 am

ഡൂമണ്ണന്‍ നമ്മളുദ്ദേശിച്ച ആളല്ല സാര്‍, തോറടക്കം സകലരും വിയര്‍ക്കുമെന്ന് അടിവരയിടുന്ന ട്രെയ്‌ലര്‍

അമര്‍നാഥ് എം.

ഈ വര്‍ഷം ഇതിനും മുകളില്‍ ഒരു സിനിമയില്ല എന്ന് ഓരോ സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വലിന്റെ സൂപ്പര്‍ഹീറോകള്‍ എല്ലാവരും ഒരു കുടക്കീഴിലെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും അങ്ങേയറ്റം സര്‍പ്രൈസിങ്ങായിരുന്നു.

സ്‌കൈ ലെവല്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം മാര്‍വല്‍ പുറത്തുവിട്ടു. പ്രതീക്ഷയുടെ മൂന്ന് പടി മുകളില്‍ നില്‍ക്കുന്ന അതിഗംഭീര ട്രെയ്‌ലറാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. മാര്‍വല്‍, എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍, തണ്ടര്‍ബോള്‍ട്ട് തുടങ്ങി എല്ലാ ടീമുകളും ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി കൈകോര്‍ക്കുന്നതായി കാണിക്കുന്ന ട്രെയ്‌ലര്‍ അങ്ങേയറ്റത്തെ രോമാഞ്ചമാണ് സമ്മാനിച്ചത്.

എക്‌സ് മെന്നിലെ പ്രൊഫസര്‍ എക്‌സിനെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. പിന്നീട് തണ്ടര്‍ബോള്‍ട്ട്, ഫന്റാസ്റ്റിക് ഫോര്‍, തോര്‍, വക്കാണ്ട സോള്‍ജ്യേഴ്‌സ്, തണ്ടര്‍ബോള്‍ട്‌സ്, ഷാങ് ചി എന്നിവരിലൂടെ പോകുന്ന ട്രെയ്‌ലര്‍ ഡോക്ടര്‍ ഡൂം വന്നതോടെ അടുത്ത ലെവലിലേക്ക് മാറി. തോറിന് പോലും ഡോക്ടര്‍ ഡൂമിനെ തടയാനാകില്ലെന്ന് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.

താനോസിനെ ഇല്ലാതാക്കിയ സ്‌ട്രോം ബ്രേക്കറിനെപ്പോലും വെറും രണ്ട് വിരല്‍ കൊണ്ട് തടഞ്ഞുനിര്‍ത്തിയതിലൂടെ ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ എത്രമാത്രം പവര്‍ഫുള്ളാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്. എല്ലാത്തിനുമൊടുവില്‍ തോറിന്റെയടുത്ത് നിന്ന് മിയോനിര്‍ ഏറ്റുവാങ്ങുന്ന ക്യാപ്റ്റന്‍ അമേരിക്കയെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.

എന്‍ഡ് ഗെയിമിന്റെ അവസാനം പെഗ്ഗിയുമായുള്ള ജീവിതം തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അമേരിക്ക അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരുമ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്. വെറുമൊരു ഫോട്ടോ കൊണ്ട് മാത്രം ഹൈപ്പ് ഇരട്ടിയാക്കിയ ലോക്കി ഡൂംസ്‌ഡേയില്‍ സൈലന്റായി വന്ന് സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പാണ്. ഇനിയും ധാരാളം സര്‍പ്രൈസുകള്‍ സിനിമയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അവഞ്ചേഴ്‌സ് സിനിമകളുടെ മുന്‍ ട്രെയ്‌ലറില്‍ നിന്ന് വ്യത്യസ്തമായാണ് ഡൂംസ്‌ഡേയുടെ ട്രെയ്‌ലര്‍ കട്ട്. നേരിട്ട് പ്രധാന കോണ്‍ഫ്‌ളിക്ടിലേക്ക് കടക്കുന്നതും അവഞ്ചേഴ്‌സ് തീം മ്യൂസിക് അവസാനത്തിലേക്ക് പ്ലെയ്‌സ് ചെയ്തതും ട്രെയ്‌ലറിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഡിസംബര്‍ 18ന് റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഒരു റെക്കോഡ് പോലും ബാക്കിവെക്കാതെ എല്ലാം തൂത്തുവാരുമെന്ന് ഉറപ്പാണ്.

Content Highlight: Avengers Doomsday trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more