| Tuesday, 16th December 2025, 3:38 pm

ആളെപ്പറ്റിക്കാന്‍ ഇറക്കിയ എ.ഐ ആണോ, അതോ ഒറിജിനലോ? ഡൂംസ്‌ഡേ ലീക്ക്ഡ് ടീസറിന്റെ സത്യാവസ്ഥയെന്ത്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് കാണാന്‍ തിയേറ്ററിലെത്തുന്നവര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ ടീസറും അവതാര്‍ 3യോടൊപ്പമുണ്ടാകും. നാല് വ്യത്യസ്ത ടീസറുകളില്‍ ആദ്യത്തേതാണ് ഡിസംബര്‍ 18ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.

ഇതില്‍ ആദ്യത്തെ ടീസര്‍ ലീക്കായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവഞ്ചേഴ്‌സിന്റെ നായകന്മാരില്‍ ഒരാളായ ക്യാപ്റ്റന്‍ അമേരിക്ക ഡൂംസ്‌ഡേയില്‍ ഉണ്ടെന്ന് കാണിക്കുന്ന ടീസറാണ് ലീക്കായത്. എന്‍ഡ് ഗെയിമിന്റെ ക്ലൈമാക്‌സില്‍ ഇന്‍ഫിനിറ്റി സ്റ്റോണുകള്‍ തിരികെ കൊണ്ടുവെച്ച സ്റ്റീവ് റോജേഴ്‌സ് തന്റെ നഷ്ടപ്പെട്ട ജീവിതം ജീവിച്ചുതീര്‍ക്കുന്നതായാണ് കാണിച്ചത്.

ഇപ്പോള്‍ പുറത്തുവന്ന ടീസര്‍ പ്രധാനമായും ശ്രദ്ധ നല്‍കിയിരിക്കുന്നത് സ്റ്റീവിന്റെ കഥാപാത്രത്തിനാണ്. എല്ലാത്തില്‍ നിന്നും വിട്ടുനിന്ന് ശാന്തമായ ജീവിതം നയിക്കുന്ന സ്റ്റീവ് തന്റെ സൂപ്പര്‍ഹീറോ സ്യൂട്ട് നോക്കുന്നതും സ്വന്തം കുഞ്ഞിനെ ലാളിക്കുന്നതുമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ‘സ്റ്റീവ് റോജേര്‍സ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയില്‍ തിരിച്ചെത്തും’ എന്ന് കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിച്ചത്.

എന്നാല്‍ ഇത് ഒറിജിനലാണോ എ.ഐയാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. ഒറിജിനലിനെ വെല്ലുന്ന എ.ഐ വീഡിയോകള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഒന്നും വിശ്വസിക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് ഒറിജിനലാണെന്ന് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈപ്പ് ഉയര്‍ത്താന്‍ വേണ്ടി അണിയറപ്രവര്‍ത്തകര്‍ മനപൂര്‍വം ടീസര്‍ ലീക്ക് ചെയ്‌തെന്നാണ് പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നു.

ക്യാപ്റ്റന്‍ അമേരിക്കക്ക് ഏറ്റവും മികച്ച എന്‍ഡിങ്ങാണ് ലഭിച്ചതെന്നും ഇനി ആ കഥാപാത്രത്തെ തിരിച്ചുകൊണ്ടു വരേണ്ടതില്ലെന്നും ആരാധകര്‍ അഭിപ്രായം പങ്കുവെച്ചു. ഡോക്ടര്‍ ഡൂമിനെ സ്റ്റീവ് റോജേഴ്‌സ് നേരിടേണ്ടി വരുന്ന രംഗം തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്നാണ് കരുതുന്നത്. ഡൂംസ്‌ഡേയുടെ അടുത്ത ടീസറുകള്‍ ഇത്തരത്തില്‍ ഓരോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തോര്‍, ലോക്കി, സ്‌പൈഡര്‍മാന്‍ എന്നിവരുടെ പോയിന്റ് ഓഫ് വ്യൂവിലൂടെയുള്ള ടീസറുകളായിരിക്കും ഇനി വരികയെന്നാണ് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളെയും ഒന്നിച്ചുകൊണ്ടുവരിക എന്ന വലിയ ടാസ്‌കായാരിക്കും റൂസോ ബ്രദേഴ്‌സ് ഡൂംസ്‌ഡേയിലൂടെ നടപ്പാക്കുക. 2026 ഡിസംബറില്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും ഡൂംസ്‌ഡേ തകര്‍ത്തെറിയുമെന്ന് ഉറപ്പായിരിക്കുകയാണ്.

Content Highlight: Avengers Doomsday teaser leaked starring Chris Evans

We use cookies to give you the best possible experience. Learn more