| Tuesday, 30th December 2025, 10:57 pm

ഹൈപ്പ് കേറി കേറി എങ്ങോട്ടിത്, ഡൂംസ്‌ഡേയില്‍ തിരിച്ചെത്തി അവഞ്ചേഴ്‌സിലെ ഏറ്റവും ശക്തന്‍

അമര്‍നാഥ് എം.

സിനിമാലോകത്തെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുകയാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രത്തില്‍ സകല സൂപ്പര്‍ഹീറോകളും അണിനിരക്കുന്നുണ്ട്. റിലീസിന് ഒരുവര്‍ഷത്തിനടുത്ത് ബാക്കിനില്‍ക്കെ ആരാധകരെ ഹൈപ്പിന്റെ പരകോടിയിലെത്തിക്കാന്‍ നാല് ടീസറുകളാണ് മാര്‍വല്‍ പുറത്തിറക്കുന്നത്.

അവഞ്ചേഴ്‌സിലെ പ്രധാനിയായ ക്യാപ്റ്റന്‍ അമേരിക്ക ഡൂംസ്‌ഡേയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചുകൊണ്ടാണ് ആദ്യ ടീസര്‍ പുറത്തിറക്കിയത്. എന്‍ഡ് ഗെയിമിന്റെ ക്ലൈമാക്‌സില്‍ നഷ്ടപ്പെട്ടുപോയ പഴയ ജീവിതം തിരിച്ചുപിടിച്ച സ്റ്റീവിനെ കാണിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സ്റ്റീവ് റോജേഴ്‌സ് ഡൂംസ്‌ഡേയില്‍ പ്രത്യക്ഷപ്പെടുന്നത്. കുടുംബജീവിതവുമായി കഴിയുന്ന സ്റ്റീവ് ക്യാപ്റ്റന്‍ അമേരിക്കയായി തിരിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ഇപ്പോഴിതാ ആവേശം ഇരട്ടിയാക്കാന്‍ രണ്ടാമത്തെ ടീസര്‍ മാര്‍വല്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. ‘ദി സ്‌ട്രോങ്ങസ്റ്റ് അവഞ്ചര്‍’ എന്നറിയപ്പെടുന്ന തോറിനെയാണ് പുതിയ ടീസറില്‍ കാണിക്കുന്നത്. സ്‌ടോം ബ്രേക്കറുമായി അച്ഛനായ ഓഡിനോട് പ്രാര്‍ത്ഥിക്കുന്ന തോറിനെ കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്.

മകളോടൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരുന്ന തോര്‍ അവസാന യുദ്ധത്തിന് മുമ്പ് അച്ഛനോട് പ്രാര്‍ത്ഥിക്കുകയാണ്. വിജയിക്കുക എന്നതിനപ്പുറം മകളുടെ അടുത്തേക്ക് തിരിച്ചെത്തുക എന്നാണ് തന്റെ ആഗ്രഹമെന്ന് തോര്‍ പ്രാര്‍ത്ഥനയില്‍ പറയുന്നുണ്ട്. ‘തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ എന്ന സിനിമയില്‍ ഒരു ശക്തിയുമില്ലാതെ തോറിനെ അവതരിപ്പിച്ചതിന് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ ശക്തനായ തോറാണ് വരികയെന്ന് ടീസര്‍ അടിവരയിടുന്നു.

ഡൂംസ്‌ഡേയുടെ മറ്റ് രണ്ട് ടീസറുകള്‍ കഴിഞ്ഞദിവസം ലീക്കായിരുന്നു. എക്‌സ് മെന്നിന്റെ ടീമംഗങ്ങളെയാണ് മൂന്നാമത്തെ ടീസറില്‍ കാണിച്ചിരിക്കുന്നത്. നാലാമത്തെ ടീസറില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രധാന വില്ലനായ ഡോക്ടര്‍ ഡൂമിനെയും കാണിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ചിലത് എ.ഐ ആണെന്ന് പലരും അഭിപ്രായപ്പെടുന്നു.

2026 ജനുവരി ഏഴിന് മൂന്നാമത്തെ ടീസറും 14ന് അവസാന ടീസറും മാര്‍വല്‍ ഔദ്യോഗികമായി പുറത്തുവിടും. റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമായി വേഷമിടുന്നത്. 2026 മേയില്‍ ചിത്രം റിലീസാകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ആദ്യമായി മൂന്ന് ബില്യണ്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡാണ് ഡൂംസ്‌ഡേ ലക്ഷ്യമിടുന്നത്.

Content Highlight: Avengers Doomsday second teaser featuring Thor Out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more