| Wednesday, 24th December 2025, 8:34 pm

ആദ്യം ക്യാപ്റ്റന്‍, ഇത്തവണ തോര്‍, ഓണ്‍ലൈന് റിലീസിന് മുന്നേ ലീക്കായി ഡൂംസ്‌ഡേയുടെ രണ്ടാം ടീസര്‍

അമര്‍നാഥ് എം.

മാര്‍വല്‍ ഫാന്‍സ് എല്ലാവരെയും ഒരുപോലെ ആവേശത്തിലാക്കുന്ന ചിത്രമാണ് ഡൂംസ്‌ഡേയെന്ന് അനൗണ്‍സ്‌മെന്റ് മുതല്‍ ഉറപ്പായ കാര്യമായിരുന്നു. ഓരോ അപ്‌ഡേറ്റിലും ആരാധകര്‍ അങ്ങേയറ്റം ആകാംക്ഷാഭരിതരായിരുന്നു. ചിത്രത്തിന്റേതായി നാല് ടീസറുകളാണ് മാര്‍വല്‍ പുറത്തിറക്കുന്നത്. ആദ്യ ടീസര്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ലീക്കാവുകയായിരുന്നു.

മാര്‍വലില്‍ ഏറ്റവുമധികം ആരാധകരുള്ള ക്യാപ്റ്റന്‍ അമേരിക്ക/ സ്റ്റീവ് റോജേഴ്‌സ് അവഞ്ചേഴ്‌സിലേക്ക് തിരിച്ചുവരുന്നതായാണ് ടീസറില്‍ കാണിച്ചത്. എന്നാല്‍ ഇത് എ.ഐ ആയിരിക്കുമെന്നാണ് പലരും കരുതിയത്. കഴിഞ്ഞദിവസം മാര്‍വല്‍ ഔദ്യോഗികമായി ഡൂംസ്‌ഡേയുടെ ആദ്യ ടീസര്‍ പുറത്തുവിട്ടിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക തിരിച്ചുവരുമെന്ന് മാര്‍വല്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

എന്നാല്‍ ആദ്യ ടീസറിനെപ്പോലെ രണ്ടാമത്തെ ടീസറും ഔദ്യോഗികമായി എത്തുന്നതിന് മുമ്പ് ലീക്കായിരിക്കുകയാണ്. അവഞ്ചേഴ്‌സിലെ ഏറ്റവും ശക്തനായ തോറിനെ ചുറ്റിപ്പറ്റിയാണ് രണ്ടാം ടീസര്‍ വികസിക്കുന്നത്. തന്റെ മകള്‍ക്കൊപ്പം സ്വസ്ഥമായി ജീവിക്കുന്ന തോര്‍ യുദ്ധത്തിന് മുമ്പ് പിതാവായ ഓഡിനോട് സംസാരിക്കുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

ആക്ഷനും രോമാഞ്ചത്തിനൊപ്പം ആരാധകരെ ഇമോഷണലാക്കുന്ന ചിത്രമാകും ഡൂംസ്‌ഡേയെന്നാണ് പുറത്തുവരുന്ന രണ്ട് ടീസറുകളും വ്യക്തമാക്കുന്നത്. ക്യാപ്റ്റനും തോറും അവരവരുടെ മക്കള്‍ക്ക് വേണ്ടി സൂപ്പര്‍ ഹീറോ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കുന്നതും പിന്നീട് ലോകത്തെ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്നതും അങ്ങേയറ്റം ഇമോഷണലാക്കുമെന്ന് ഉറപ്പാണ്.

ഇനി പുറത്തിറങ്ങുന്ന ടീസറുകളില്‍ ഒന്ന് ഫന്റാസ്റ്റിക് ഫോറിനെ ആസ്പദമാക്കിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍ ഡൂമായി വേഷമിടുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിനെ ഏതെങ്കിലും ടീസറില്‍ കാണാനാകുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകര്‍. ഫന്റാസ്റ്റിക് ഫോറിന്റെ പോസ്റ്റ് ക്രെഡിറ്റില്‍ ഡോക്ടര്‍ ഡൂമിനെ ചെറുതായി കാണിച്ചിരുന്നു.

മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളും ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നുണ്ട്. ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ലോക്കി, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, ഷാങ് ചീ തുടങ്ങി സകല സൂപ്പര്‍ഹീറോകളും ചിത്രത്തിന്റെ ഭാഗമാണ്. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ബജറ്റാണ് ഡൂംസ്‌ഡേയുടേത്. ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ്. 2026 ഡിസംബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Avengers Doomsday second teaser featuring Thor leaked

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more