ഗ്ലോബല്‍ ബോക്‌സ് ഓഫീസിന്റെ അടിവേരിളക്കാന്‍ കെല്പുള്ള ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. റിലീസടുക്കുംതോറും ഹൈപ്പിന്റെ കൊടുമുടിയിലെത്തുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സ്‌പോയ്‌ലറുകള്‍ പുറത്തുവരുന്നതിന് മുന്നേ ചിത്രം കാണാനുള്ള തയാറെടുപ്പിലാണ് ഓരോ ആരാധകരും.
വേള്‍ഡ് പ്രീമിയറിന് ശേഷം ജി.സി.സിയില്‍ ഡിസംബര്‍ 16നും ഇന്ത്യയില്‍ 17നുമാണ് ചിത്രം ആദ്യമെത്തുക. ഇന്ത്യയിലെ ആദ്യ ഷോ കേരളത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്ത്യയില്‍ ഡൂംസ്‌ഡേയുടെ ബുക്കിങ് ആരംഭിച്ചിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ധരാത്രിയിലെ സകല ഷോകളും സോള്‍ഡ് ഔട്ടായിരിക്കുകയാണ്.
ലിമിറ്റഡ് സ്‌ക്രീനുകളിലെ ബുക്കിങ്ങിലൂടെ ഇതിനോടകം ഒരു കോടിയിലേറെയാണ് ഡൂംസ്‌ഡേ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിനായി പ്രത്യേകം തയാറാക്കിയ ഇന്‍ഫിനിറ്റി വിഷന്‍ സ്‌ക്രീനുകളെല്ലാം സോള്‍ഡ് ഔട്ടായിക്കഴിഞ്ഞു. ഇതാദ്യമായാണ് ഒരു സിനിമ റിലീസിന് ഒരു മാസം മുന്നേ ബുക്കിങ് ആരംഭിച്ചതും ഇത്രയും വലിയ പ്രീ സെയില്‍ സ്വന്തമാക്കിയതും.
എല്ലാം ഒത്തുവന്നാല്‍ കേരള ബോക്‌സ് ഓഫീസില്‍ ഡബിള്‍ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷന്‍ നേടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഡൂംസ്‌ഡേ മാറും. ക്രിസ്മസ് റിലീസിലെ മറ്റ് സിനിമകള്‍ വെല്ലുവിളിയായില്ലെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഫൈനല്‍ കളക്ഷനും ഡൂംസ്‌ഡേ സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
വേള്‍ഡ്‌വൈഡ് പ്രീ സെയിലിലും ഗംഭീര കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 150 മില്യണാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം നേടിയത്. ആദ്യദിനം 300 മില്യണെങ്കിലും ചിത്രം നേടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ പ്രവചനം. ഇന്ത്യയില്‍ നിന്ന് മാത്രം 28 കോടിയാണ് ചിത്രം പ്രീ സെയിലില്‍ സ്വന്തമാക്കിയത്.
ഇന്ത്യയില്‍ നിന്ന് 100 കോടി ഫസ്റ്റ് ഡേ കളക്ഷനും ആയിരം കോടി ഫൈനല്‍ കളക്ഷനും നേടാനുള്ള പൊട്ടന്‍ഷ്യല്‍ ഡൂംസ്‌ഡേയ്ക്കുണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. മാര്‍വലിന്റെ മുന്‍ ചിത്രമായ സ്‌പൈഡര്‍ മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ 600 കോടിക്കടുത്ത് നേടിയിരുന്നു. എന്‍ഡ് ഗെയിമിന് ശേഷം ബോക്‌സ് ഓഫീസിലെ സകല റെക്കോഡും തൂത്തുവാരാന്‍ സാധ്യതയുള്ള ചിത്രം കൂടിയാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ.
Content Highlight: Avengers Doomsday collected one crore from Kerala Box office through advance booking