| Monday, 24th November 2025, 3:40 pm

അധികം ആവേശം വേണ്ട, എ.ഐയാണ്, ഡൂംസ്‌ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍ വ്യാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പിലും ബജറ്റിലുമൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് അതീവ സുരക്ഷയിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ചിത്രത്തിന്റെ ലൊക്കേഷന്‍ പിക്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പെഡ്രോ പാസ്‌കല്‍, ഹ്യൂ ജാക്ക്മാന്‍, ടോബി മഗ്വയര്‍ എന്നിവര്‍ സംവിധായകനൊപ്പം നില്‍ക്കുന്ന ചിത്രം വളരെ വേഗത്തില്‍ വൈറലായി. മള്‍ട്ടിവേഴ്‌സ് സാഗയുടെ സാധ്യതകളെ മുന്‍നിര്‍ത്തി ഫന്റാസ്റ്റിക് ഫോര്‍, മാര്‍വലിന്റെ ആദ്യത്തെ സ്‌പൈഡര്‍മാന്‍, വോള്‍വറിന്‍ എന്നിവര്‍ ഡൂംസ്‌ഡേയുടെ ഭാഗമാകുന്നുണ്ടെന്ന് ഇതോടെ പലരും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒറിജിനലിനൊപ്പം നില്‍ക്കുന്ന വ്യാജ ചിത്രങ്ങള്‍ നിര്‍മിക്കുന്ന കാലമായതിനാല്‍ ഈ ഫോട്ടോയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഒടുവില്‍ ഈ ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആരോ ഒരാള്‍ തന്റെ ഭാവനയില്‍ വിരിയിച്ചെടുത്ത ഫോട്ടോ പലരും ഒറിജിനലാണെന്ന് ധരിച്ചിരിക്കുകയാണ്.

റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂമിന്റെ വേഷത്തില്‍ നില്‍ക്കുന്ന എ.ഐ ഫോട്ടോയും ഇതിനോടകം വൈറലായിട്ടുണ്ട്. മാത്രമല്ല, എക്‌സ് മെന്‍ സീരീസിലെ കഥാപാത്രങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന വ്യാജ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.

ലണ്ടന്‍, ഗ്ലാസ്‌ഗോ, യു.എസ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്‌സ് മാര്‍വലിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഡൂംസ്‌ഡേ. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ട് സ്‌ക്രിപ്റ്റില്ലാതെയാണ് ഡൂംസ്‌ഡേ ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷം മേയില്‍ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതുകൊണ്ട് 2026 ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഫന്റാസ്റ്റിക് ഫോറിന് ശേഷം മാര്‍വലിന്റെ അടുത്ത തിയേറ്റര്‍ റിലീസ് 2026ല്‍ മാത്രമേയുള്ളൂവെന്നത് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന കാര്യമാണ്. സകല സൂപ്പര്‍ഹീറോകളും ഒന്നിക്കുന്ന ഡൂംസ്‌ഡേ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.

Content Highlight: Avengers Doomsday AI location pics viral in social media

We use cookies to give you the best possible experience. Learn more