സിനിമാലോകത്തെ പല വമ്പന്മാര്‍ക്കും അടി തെറ്റുന്ന വര്‍ഷമായിട്ടാണ് സിനിമാപ്രേമികള്‍ 2025നെ കണക്കാക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വലിയ സംവിധായകരായ പലരും മോശം സിനിമകളുടെ പേരില്‍ ട്രോള്‍ മെറ്റീരിയലാകുന്ന കാഴ്ചയാണ് ഈ വര്‍ഷം കണ്ടത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരായ മണിരത്‌നം, ഷങ്കര്‍, തമിഴ് ഇന്‍ഡസ്ട്രിയിലെ നിലവിലെ ബ്രാന്‍ഡായ ലോകേഷ് കനകരാജ് തുടങ്ങി ലോക സിനിമയിലെ ക്രാഫ്റ്റ്‌സ്മാനായ ജയിംസ് കാമറൂണും ഈ വര്‍ഷം അടിപതറി.
വന്‍ ബജറ്റിലും ഹൈപ്പിലുമെത്തിയ അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 100 കോടി പോലും ചിത്രം ഇതുവരെ നേടിയിട്ടില്ല. 80 കോടിയാണ് ഇതുവരെ അവതാര്‍ 3 ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. അവതാറിന്റെ രണ്ടാം ഭാഗമായ വേ ഓഫ് വാട്ടര്‍ ആദ്യ വീക്കെന്‍ഡില്‍ തന്നെ 140 കോടിയോളം സ്വന്തമാക്കിയിരുന്നു.
വേള്‍ഡ്‌വൈഡ് കളക്ഷനില്‍ അവതാര്‍ 3 400 മില്യണിലേക്ക് കുതിക്കുകയാണ്. ആദ്യ വാരത്തില്‍ തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നും ഈ വര്‍ഷത്തെ നാലാമത്തെ വണ്‍ ബില്യണ്‍ ചിത്രമായി മാറുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങളും ഉണ്ടാക്കിയ ഓളം മൂന്നാം ഭാഗത്തിന് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.
വിഷ്വല്‍ ട്രീറ്റിനപ്പുറം പ്രേക്ഷകരെ ഇമോഷണലി കണക്ടാക്കുന്നതില്‍ അവതാര്‍ 3 അമ്പേ പരാജയപ്പെട്ടെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. അവതാറിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെയും മിക്‌സ് എന്നാണ് ഫയര്‍ ആന്‍ഡ് ആഷിനെ പലരും വിശേഷിപ്പിച്ചത്. ലോക സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ ജെയിംസ് കാമറൂണിനും അടിപതറുന്ന കാഴ്ചക്ക് 2025 സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ മുന്‍നിര സംവിധായകനായ ഷങ്കറിനാണ് ഈ വര്‍ഷം ആദ്യം അടിതെറ്റിയത്. ഇന്ത്യന്‍ 2വില്‍ നിരാശപ്പെടുത്തിയ ഷങ്കര്‍ ഗെയിം ചേഞ്ചറിലൂടെ തിരിച്ചുവരുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. പിന്നീട് എല്ലാവരുടെയും കണ്ണുകള്‍ മണിരത്‌നത്തിലായിരുന്നു. 33 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനുമായി കൈകോര്‍ത്ത തഗ് ലൈഫ് 2025ലെ ഏറ്റവും വലിയ പരാജയമാവുകയും ട്രോളന്മാര്‍ വലിച്ചുകീറുകയും ചെയ്തു.
വെറ്റെറന്മാര്‍ക്ക് അടിതെറ്റിയ വര്‍ഷത്തില്‍ യുവസംവിധായകനായ ലോകേഷ് പ്രതീക്ഷ കാക്കുമെന്ന് പലരും കണക്കുകൂട്ടി. ലിയോ എന്ന എബോവ് ആവറേജ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കിയ കൂലി തമിഴിലെ ആദ്യത്തെ 1000 കോടി ചിത്രമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ലോജിക്കില്ലാത്ത തിരക്കഥ കൊണ്ട് ലോകേഷും നിരാശ സമ്മാനിച്ചു. ട്രോളന്മാരുടെ ഇരയായി ലോകേഷ് മാറി. കൂലിയുടെ ബട്ടര്‍ഫ്‌ളൈ ഇഫക്ടില്‍ ലോകേഷിന്റെ എല്‍.സി.യു പ്രൊജക്ടുകളടക്കം തുലാസിലായിരിക്കുകയാണ്.
പ്രേക്ഷകര്‍ ഈ സംവിധായകരില്‍ നിന്ന് വലുതായിട്ട് പലതും പ്രതീക്ഷിക്കുമ്പോള്‍ കണ്ടുമടുത്ത കഥകളാണ് എല്ലാവരും സമ്മാനിച്ചത്. ഒരുപാട് ഹൈപ്പുള്ളതിനാല്‍ എന്ത് നല്‍കിയാലും സ്വീകരിക്കുമെന്ന അമിത ആത്മവിശ്വാസം എല്ലാവര്‍ക്കും തിരിച്ചടിയായി മാറി. തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇവരെല്ലാവരും തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
Content Highlight: Avatar Fire and Ash struggling in Indian Box Office