| Monday, 22nd December 2025, 9:07 am

ആവറേജ് അഭിപ്രായം വെച്ച് ബോക്‌സ് ഓഫീസില്‍ കൊലത്തൂക്ക്, ഓപ്പണിങ് വീക്കെന്‍ഡില്‍ ചരിത്രം സൃഷ്ടിച്ച് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്

അമര്‍നാഥ് എം.

ജെയിംസ് കാമറൂണിന്റെ അവതാര്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും ദുര്‍ബലമായ ചിത്രമെന്നാണ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന്റെ പ്രിവ്യൂ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈന്‍ റേറ്റിങ് ആപ്പായ ടൊമാറ്റോമീറ്റര്‍ നല്‍കിയ റേറ്റിങ് 70 ആയിരുന്നു. അവതാര്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും താഴ്ന്ന റേറ്റിങ്ങായിരുന്നു ഇത്. എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ അവതാര്‍ 3 ഞെട്ടിക്കുകയാണ്.

ഓപ്പണിങ് വീക്കെന്‍ഡില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് അവതാര്‍ 3 നേടിയത്. ഫ്രാഞ്ചൈസിയിലെ മറ്റ് സിനിമകളുടെ കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ അവതാര്‍ 3 പിന്നിലാണെങ്കിലും ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം ചിത്രം കാഴ്ചവെക്കുന്നുണ്ട്. ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് ഗംഭീര വിഷ്വല്‍ ട്രീറ്റാണ് കാമറൂണ്‍ നല്‍കിയത്.

345 മില്യണാണ് ചിത്രം ആദ്യവീക്കെന്‍ഡില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഡിസ്‌നിയുടെ സൂട്ടോപ്യ 2 ആണ് ഒന്നാം സ്ഥാനത്ത്. 535 മില്യണായിരുന്നു ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഈ റെക്കോഡ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന് തകര്‍ക്കാനാകാത്തതാണ് സിനിമാലോകത്തെ ചര്‍ച്ച.

എന്നാല്‍ അവതാര്‍ 3 ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷത്തെ അടുത്ത വണ്‍ ബില്യണ്‍ ചിത്രമായി അവതാര്‍ 3 മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകമെമ്പാടുമുള്ള പ്രീമിയം ലാര്‍ജ് സ്‌ക്രീനുകളിലെല്ലാം അവതാര്‍ 3യുടെ ഡൊമിനേഷനാണ് കാണാന്‍ സാധിക്കുന്നത്.

ചൈനീസ് ബോക്‌സ് ഓഫീസിലും അവതാര്‍ 3യുടെ മുന്നേറ്റമാണ് പ്രധാന ചര്‍ച്ച. 67.6 മില്യണാണ് ഇതുവരെ ചിത്രം ചൈനയില്‍ നിന്ന് മാത്രം നേടിയത്. ആവറേജ് അഭിപ്രായം വെച്ചുകൊണ്ട് ചിത്രം നടത്തുന്ന കുതിപ്പ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവതാര്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായാണ് ഫയര്‍ ആന്‍ഡ് ആഷ് പ്രേക്ഷകരിലേക്കെത്തിയത്.

രണ്ടാം ഭാഗമായ വേ ഓഫ് വാട്ടര്‍ നിര്‍ത്തിയ ഇടത്ത് നിന്നാണ് മൂന്നാം ഭാഗം ആരംഭിച്ചത്. പാണ്ടോറയിലെ അക്രമകാരികളായ പുതിയ ഗോത്രത്തെ പരിചയപ്പെടുത്തുന്ന ചിത്രം സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ വളരെ പിന്നോട്ടാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വിഷ്വല്‍ ട്രീറ്റിനപ്പുറത്തേക്ക് മനസില്‍ തങ്ങിനില്‍ക്കാന്‍ പാകത്തിന് ഒന്നും ചിത്രം ബാക്കിവെച്ചിട്ടില്ലെന്നതും നിരാശ നല്‍കുന്നുണ്ട്. എന്നിരുന്നാലും ബോക്‌സ് ഓഫീസില്‍ മിനിമം രണ്ട് ബില്യണെങ്കിലും ചിത്രം നേടുമെന്നാണ് പ്രതീക്ഷ.

Content Highlight: Avatar 3 collected 347 million form global box office in opening weekend

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more