പൂജാ ഹോളിഡേയ്‌സ് റിലീസായെത്തിയ ജയിലര്‍ 2 തന്നെയാണ് ഇപ്പോഴും തിയേറ്ററുകളുടെ പ്രധാന ആകര്‍ഷണം. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച ഹോള്‍ഡുമായി ജയിലര്‍ 2 മുന്നേറുകയാണ്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 720 കോടി നേടി മുന്നേറുന്ന ചിത്രം കേരളത്തിലും ചരിത്രവിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ജയിലര്‍ 2ന്റെ ഓളത്തില്‍ പല സിനിമകള്‍ക്കും തിയേറ്ററില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല. ദീപാവലി വരെ എടുത്തുപറയാന്‍ വലിയ റിലീസുകളൊന്നും ഇല്ലെന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. എന്നാല്‍ ഒ.ടി.ടിയില്‍ ഈയാഴ്ച ഗംഭീര സിനിമകളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി മികച്ച സിനിമകള്‍ ഈയാഴ്ച സ്ട്രീമിങ് ആരംഭിക്കും.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും അഭിപ്രായപ്പെട്ട ബത്തയാണ് ഈയാഴ്ചയിലെ പ്രധാന ഒ.ടി.ടി റിലീസ്. വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 29ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മയും ഒക്ടോബര്‍ 30ന് നെറ്റ്ഫ്‌ളിക്‌സിലെത്തും.
തെലുങ്കില്‍ ഫഹദ് ആദ്യമായി നായകവേഷമണിഞ്ഞ ഡോണ്ട് ട്രബിള് ദ ട്രബിളും ഈയാഴ്ചയിലെ പ്രധാന ഒ.ടി.ടി റിലീസുകളിലൊന്നാണ്. നെറ്റ്ഫ്‌ളിക്‌സില്‍ തന്നെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, രാധിക ആപ്‌തേ കോമ്പോ ഒന്നിക്കുന്ന ഗ്യാങ്‌സ്റ്റര്‍ ഡ്രാമ അക്കയും ഈയാഴ്ച നെറ്റ്ഫ്‌ളിക്‌സിലെ പ്രധാന റിലീസാണ്.
ബിജു മേനോന്‍ നായകനായ കോമഡി ഫീല്‍ ഗുഡ് ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 30ന് സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. അശോക് സെല്‍വന്റെ റൊമാന്റിക് ആക്ഷന്‍ ഡ്രാമ അന്‍ബില്‍ അവനും ഈയാഴ്ചയിലെ പ്രധാന ആകര്‍ഷണമാണ്. ഒക്ടോബര്‍ 30ന് സോണി ലിവില്‍ തന്നെയാണ് ചിത്രം സ്ട്രീം ചെയ്യുക.
ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മിര്‍സാപൂര്‍ ദി മൂവിയും ഈയാഴ്ച ഒ.ടി.ടിയിലെത്തും. ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രൈമിന്റെ ഹിറ്റ് സീരീസുകളിലൊന്നായ മിര്‍സാപൂരിന്റെ സ്പിന്‍ ഓഫ് ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിക്ക് മുകളില്‍ നേടിയിരുന്നു. സിനിമാപ്രേമികള്‍ക്ക് ഈയാഴ്ച ഒ.ടി.ടിയില്‍ വലിയ ചാകരയാണെന്ന് സംശയമില്ലാതെ പറയാം.
Content Highlight: Avarachan and Sons movie Baththa and more other movies OTT release this week