| Monday, 16th March 2026, 10:32 am

ആര്‍പ്പോ അര്‍ക്കപ്പോ... ഛായാഗ്രഹണത്തിന് ഓസ്‌കര്‍ അവാര്‍ഡ് നേടുന്ന ആദ്യ വനിതാ ഛായാഗ്രഹക

ഐറിന്‍ മരിയ ആന്റണി

98-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ‘സിന്നേഴ്‌സ്, ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’എന്നീ ചിത്രങ്ങള്‍ ഡോള്‍ബി തിയേറ്ററില്‍  കരുത്ത് തെളിയിച്ചിരിക്കുകയാണ്.  മികച്ച നടന്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ‘സിന്നേഴ്‌സ്’ സ്വന്തമാക്കി.

സിന്നേഴ്‌സില്‍ മികച്ച ഛായാഗ്രഹണത്തിന് പുരസ്‌കാരം നേടിയ ഓട്ടം ഡ്യൂറാള്‍ഡ് അര്‍ക്കാപോ, ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്. Imax 65mm, അള്‍ട്രാ പാന്‍വിഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രഹക എന്ന അപൂര്‍വ നേട്ടവും സിന്നേഴ്‌സിലൂടെ അര്‍ക്കപാവ് സ്വന്തമാക്കി.

ഡാന്‍ ലോസ്റ്റ്സെന്‍ (ഫ്രാങ്കന്‍സ്‌റ്റൈന്‍), ഡാരിയസ് ഖോണ്ട്ജി (മാര്‍ട്ടി സുപ്രീം), മൈക്കല്‍ ബൗമാന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), അഡോള്‍ഫോ വെലോസോ (ട്രെയിന്‍ ഡ്രീംസ്) എന്നിവരെ പിന്നിലാക്കിയാണ് ഓട്ടം ഡ്യൂറാള്‍ഡ് അര്‍ക്കാപോ പുരസ്‌കാരം സ്വന്തമാക്കിയത്.

നേരത്തെ സംവിധായകന്‍ റയാന്‍ കൂഗ്ലറിനൊപ്പം ‘ബ്ലാക്ക് പാന്തര്‍ വകണ്ട ഫോറെവര്‍’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലും ഡ്യൂറാള്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് സിന്നേഴ്‌സ്. ഈ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന നാലാമത്തെ വനിത കൂടിയാണ് അവര്‍.

ഇതിന് മുമ്പ് 2018ല്‍ മഡ്ബൗണ്ടിന് വേണ്ടി, റേച്ചല്‍ മോറിസണ്‍, ദി പവര്‍ ഓഫ് ദി ഡോഗിന് വേണ്ടി, ഏറിയ വെഗ്‌നര്‍ 2022ല്‍ എല്‍വിസിന് വേണ്ടി, മാന്‍ഡി വാക്കര്‍ എന്നിവരായിരുന്നു മികച്ച ഛായാഗ്രഹണത്തിന് നോമിനികളില്‍ വന്ന വനിതകള്‍.

തന്റെ പ്രസംഗത്തിനിടെ, ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും വിജയിക്കാന്‍ കഴിയാത്ത നിരവധി വനിതാ ഛായാഗ്രാഹകര്‍ക്ക് റേച്ചല്‍ മോറിസണിന് അര്‍ക്കാപോ നന്ദി പറഞ്ഞിരുന്നു.

മികച്ച സംഗീതം (ലുഡ്വിഗ് ഗൊറാന്‍സണ്‍), മികച്ച തിരക്കഥ (റയാന്‍ കൂഗ്ലര്‍) എന്നിവയാണ് സിന്നേഴ്സിന് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍. ആറ് പുര്സകാരങ്ങളുമായി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് പുരസ്‌കാരനിശയിലെ താരമായത്. മികച്ച ചിത്രത്തിനടക്കം ആറ് അവാര്‍ഡുകള്‍ തങ്ങളുടെ പേരിലാക്കാന്‍ ഈ ഹോളിവുഡ് ചിത്രത്തിന് സാധിച്ചു.

Content Highlight: Autumn Durald Arcapo becomes the first woman to win an Oscar for Best Cinematography 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more