| Thursday, 25th June 2026, 6:57 am

വിവാഹസല്‍ക്കാരത്തിന് ബീഫ് വിളമ്പിയെന്നാരോപണം; ഉത്തര്‍പ്രദേശില്‍ ഹാള്‍ പൊളിച്ചുമാറ്റി അധികൃതര്‍

നിഷാന. വി.വി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ബാങ്ക്വേറ്റ് ഹാള്‍ പൊളിച്ച് മാറ്റാന്‍ അധികൃതരുടെ നീക്കം.

ഹാള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും ഇത് പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൈറാനയിലെ മുഗള്‍ ബാങ്ക്വറ്റ് ഹോളാണ് പൊളിച്ച് നീക്കുന്നത്.

പൊളിച്ചുമാറ്റല്‍ സംബന്ധിച്ച് ഉടമയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്നതോടെയാണ് തുടര്‍ നടപടികള്‍ ആരംഭിച്ചതെന്നും ശാംലി ഡെവലെപ്‌മെന്റ് അതോറിറ്റി ജൂനിയര്‍ എന്‍ജിനിയര്‍ ജഗ്്‌ദേവ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വരന് വിവാഹസമ്മാനമായി ലഭിച്ച കാറും കസ്റ്റഡിയിലെടുത്തു. ബീഫ് കടത്താനായി ഈ വാഹനമാണ് ഉപയോഗിച്ചതെന്നാരോപിച്ചാണ് നടപടി.

വരന്‍ ഫര്‍മാന്‍, ഇയാളുടെ അമ്മാവന്‍ സല്‍മാന്‍, ഹാള്‍ ഉടമ അനീസ് അഹമ്മദ്, പാചകകാരന്‍ ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ 18 ന് നടന്ന വിവാഹത്തില്‍ ബീഫ് വിളമ്പിയതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

അലഞ്ഞ് തിരിഞ്ഞ് നടന്ന പശുവിനെ കശാപ്പ് ചെയ്താണ് ഇറച്ചി കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നതും വില്‍ക്കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Content Highlight: Authorities in Uttar Pradesh demolish hall after allegations of beef being served at wedding reception

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more