| Friday, 30th May 2025, 9:33 am

സര്‍ക്കാര്‍ ഭൂമി കൈയേറി മഠം സ്ഥാപിച്ചു; പീഡനകേസ് പ്രതിയായ ആള്‍ദൈവത്തിന്റെ മഠം ഇടിച്ചുനിരത്തി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബാഗ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ദര്‍ശകന്റെ മഠം ഇടിച്ചുനിരത്തി അധികൃതര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ദര്‍ശകന്റെ മഠം അധികൃതര്‍ ഇടിച്ച് നിരത്തിയത്.

എട്ട് വര്‍ഷം മുമ്പ് ഭൂമി കൈയേറി ആള്‍ദൈവം ആശ്രമം നിര്‍മിക്കുകയായിരുന്നു. പിന്നാലെയാണ്  മഠം തകര്‍ത്തത്. തഹസില്‍ദാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

റായ്ബാഗ് തഹസില്‍ദാര്‍ പ്രശാന്ത് മുന്‍ജിയുടെ നേതൃത്വത്തിലാണ് സഹായത്തോടെയാണ് മഠം പൊളിച്ചുമാറ്റിയത്. വ്യാഴാഴ്ചയാണ് തഹസില്‍ദാര്‍ ഇടിച്ചുനിരത്താനുള്ള നടപടി ആരംഭിച്ചത്.

ചിക്കോടി റായ്ബാഗ് താലൂക്കിലാണ് സംഭവം. റായ്ബാഗ് ഭരണകൂടമാണ് മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയെന്ന ദര്‍ശകന്റെ ആശ്രമം ഇടിച്ച് നിരത്തിയത്.

സര്‍വേ നമ്പര്‍ 225ലെ എട്ട് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇയാള്‍ കൈയേറുകയായിരുന്നുവെന്നും മഠത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമടക്കം പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈയേറ്റം നീക്കം ചെയ്ത് ഭൂമി തിരികെ പിടിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ കുടിയൊഴിപ്പിക്കലിനുള്ള നോട്ടീസ് നല്‍കിയിരുന്നുവെന്നും മേയ് 21ന് അന്തിമ നോട്ടീസും ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നതായുമാണ് വിവരം. മെയ് 28ന് കുടിയൊഴിപ്പിക്കുമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും തഹസില്‍ദാര്‍ അറിയിച്ചു.

എട്ട് വര്‍ഷം മുമ്പ് 2017ല്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒരു തകര ഷെഡ് സ്ഥാപിച്ച് ഭൂമി കൈയേറുകയായിരുന്നുവെന്നും കാലക്രമേണ ഭൂമി കൈയേറ്റം തുടരുകയായിരുന്നുവെന്നുമാണ് വിവരം.

17കാരിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് പോക്‌സോ ചുമത്തിയതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായത് കഴിഞ്ഞയാഴ്ചയാണ്.

നിലവില്‍ ആള്‍ദൈവം ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. പല തവണ ഇയാള്‍ പെണ്‍കുട്ടിയെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.

റായ്ച്ചൂരിലും ബാഗല്‍കോട്ടിലും കൊണ്ടുപോയി നാല് ദിവസത്തോളം രണ്ടിടങ്ങളിലും താമസിപ്പിച്ചുവെന്നും പിന്നാലെ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ പൊലീസില്‍ പരാതി പെട്ടതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: Authorities demolish the monastery of a godman accused of rape who encroached on government land and established a monastery

We use cookies to give you the best possible experience. Learn more