| Saturday, 29th November 2025, 8:15 am

കശ്മീരില്‍ അധികൃതര്‍ വീട് പൊളിച്ച മുസ്‌ലിം മാധ്യമപ്രവര്‍ത്തകന് പുതിയ വീടിനായി സ്ഥലും പണവും നല്‍കി ഹിന്ദു കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കയ്യേറ്റമാരോപിച്ച് ജമ്മു കശ്മീരില്‍ മുസ്‌ലിം മാധ്യമപ്രവര്‍ത്തകന്റെ വീട് പൊളിച്ചു നീക്കി. മുന്‍കൂട്ടി ഒരു അറിയിപ്പും നല്‍കാതെയാണ് ജമ്മു വികസന അതോറിറ്റി അര്‍ഫാസ് അഹമ്മദ് ദെയിങ്ങിന്റെ വീട് പൊളിച്ചുനീക്കിയത്. ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലായ നീസ് ശെഹര്‍ ഇന്ത്യയുടെ നടത്തിപ്പുകാരനാണ് അര്‍ഫാസ് അഹമ്മദ്.

ഇതിന് പിന്നാലെ പുതിയ വീട് നിര്‍മിക്കുന്നതിനായി ഒരു ഹിന്ദു കുടുംബം രംഗത്തെത്തുകയും ചെയ്തു. കുല്‍ദീപ് ശര്‍മയെന്ന വ്യക്തി തന്റെ അഞ്ച് മര്‍ല (ഭൂവിസ്തൃതി അളക്കുന്ന പരമ്പരാഗത യൂണിറ്റ്)യോളം വരുന്ന ഭൂമിയാണ് അര്‍ഫാസ് അഹമ്മദിന് കൈമാറിയത്. വീട് നിര്‍മിക്കാനുള്ള ചെലവ് താന്‍ വഹിക്കുമെന്നും ശര്‍മ വ്യക്തമാക്കി.

‘ഞാന്‍ അര്‍ഫാസിന് അഞ്ച് മര്‍ല ഭൂമി സമ്മാനമായി നല്‍കിയിട്ടുണ്ട്. അതിനുള്ള റവന്യൂ രേഖകള്‍ തയ്യാറാക്കുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്,’ കുല്‍ദീപ് ശര്‍മ പറഞ്ഞു. തന്റെ സഹോദരന്‍ നിസ്സഹായനായി തുടരാതിരിക്കാനാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നും കുല്‍ദീപ് ശര്‍മ വ്യക്തമാക്കി.

വീട് പൊളിക്കുന്ന രംഗം കണ്ടപ്പോള്‍ താന്‍ തകര്‍ന്ന് പോയെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘അവരുടെ ദുരവസ്ഥ കണ്ട് ഞാന്‍ നടുങ്ങിപ്പോയി. ആ കുടുംബത്തെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. യാചിക്കേണ്ടി വന്നാലും അവന്റെ വീട് പുനര്‍നിര്‍മിക്കാന്‍ ഞാന്‍ സഹായിക്കുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും അവന്റെ വീട് ഞങ്ങള്‍ പുനര്‍നിര്‍മിക്കും,’ ശര്‍മ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരെ സെലക്ടീവ് ടാര്‍ഗെറ്റിങ്ങാണ് നടക്കുന്നതെന്ന് അര്‍ഫാസ് അഹമ്മദ് പറഞ്ഞു. താന്‍ വാര്‍ത്ത നല്‍കിയതിലുള്ള ദേഷ്യമാണ് അവരെ ചൊടിപ്പിച്ചതെന്നും അര്‍ഫാസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്തില്‍ കള്ളക്കടത്തുകാരുമായി ഒരു പൊലീസ് ഉദ്യോസ്ഥന് ബന്ധമുള്ളതായി അര്‍ഫാസ് അഹമ്മദ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് തന്റെ വീട് പൊളിച്ചുകളയാന്‍ കാരണമായതെന്ന് അര്‍ഫാസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

700നും 800നും ഇടയില്‍ പൊലീസുകാരുടെയും നാല് ബുള്‍ഡോസറുകളുടെയും അകമ്പടിയോടെയാണ് ഗൂഡലക്ഷ്യത്തോടെ ജമ്മു വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ വീട് പൊളിക്കാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും സഹോദരിയെയും ആക്രമിച്ചു. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Authorities demolish Muslim journalist’s house in Kashmir; Hindu family provides land and money for new house

We use cookies to give you the best possible experience. Learn more