ഐ.സി.സി വനിതാ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരാണ് ടൂര്‍ണമെന്റില്‍ അവസാന നാലില്‍ ഇടം പിടിച്ചവര്‍. ഇവരില്‍ ആരാവും കലാശപ്പോരില്‍ പരസ്പരം ഏറ്റുമുട്ടുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ന് ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് സെമി ഫൈനലിന് കളമൊരുങ്ങുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ നാളെയാണ് (ഒക്ടോബര്‍ 30) അരങ്ങേറുക. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ടാം സെമിഫൈനലില്‍ ഓസീസിനെതിരെ ഇറങ്ങുമ്പോള്‍ ഇത് നാലാം തവണയായിരിക്കും ഇരു ടീമുകളും നോക്ക്ഔട്ട് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടുക. മുമ്പ് ഏറ്റുമുട്ടിയതിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ ഓസീസിന് ഇന്ത്യന്‍ വനിതകള്‍ക്ക് മേല്‍ കൃത്യമായ ആധിപത്യമുണ്ട്.
ഇതുവരെ മൂന്ന് തവണ ക്രിക്കറ്റ് ലോകകപ്പിന്റെ നോക്ക്ഔട്ടില്‍ രണ്ട് തവണയും വിജയം കങ്കാരുക്കള്‍ക്കായിരുന്നു. 1997ലെ ലോകകപ്പ് സെമിഫൈനലിലാണ് ആദ്യമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 19 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയന്‍ വനിതകള്‍ നേടിയത്.
പിന്നീട് ഓസീസ് വനിതകളും ഇന്ത്യന്‍ വനിതകളും നേര്‍ക്കുനേര്‍ വന്നത് 2005ലെ ലോകകപ്പ് ഫൈനലിലാണ്. അന്ന് ഫലം വ്യത്യസ്തമായിരുന്നില്ല. അന്ന് മിതാലി രാജിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘവും തോറ്റു. 98 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് കങ്കാരുപ്പട കിരീടം ഉയര്‍ത്തിയത്.
2017ലാണ് അവസാനമായി ഇന്ത്യയും ഓസീസും മറ്റൊരു നോക്ക്ഔട്ടില്‍ പോരാടിയത്. അന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്റെ കരുത്തില്‍ ടീം വിജയം പിടിച്ചെടുത്തിരുന്നു. 36 റണ്‍സിനായിരുന്നു ടീമിന്റ വിജയം.
ഇപ്പോള്‍ മറ്റൊരു നോക്ക്ഔട്ട് മത്സരത്തിനായി ഇരുവരും തയ്യാറെടുക്കുമ്പോള്‍ ഇത് ആവര്‍ത്തിക്കപ്പെടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, ഇരുടീമുകളുടെയും ടൂര്‍ണമെന്റിലെ ഫോം ഇതിന് വലിയ വെല്ലുവിളിയാണ്.
ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ഓസീസ് സെമി ഫൈനലിന് യോഗ്യത നേടിയത്. അതേസമയം, ഇന്ത്യ മൂന്ന് വീതം ജയവും തോല്‍വിയുമായാണ് സെമി ഫൈനലിലാണ് കോപ്പുകൂട്ടുന്നത്.
കൂടാതെ, ഇരുവരും ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിജയം ഓസീസിനായിരുന്നുവെന്നതും ആശങ്കയാണ്. എങ്കിലും മത്സരം സ്വന്തം നാട്ടിലായതിനാല്‍ ഹര്‍മനും സംഘവും കലാശപ്പോരിന് ടിക്കറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
Content Highlight: Australian Women team has won two against Indian Women Cricket Team in World Cup Knock outs