| Thursday, 22nd October 2026, 12:29 pm

മരുന്നുകളുടെ ഉപയോഗം, സൂപ്പര്‍ താരത്തിന് വമ്പന്‍ തിരിച്ചടി; നടപടിയെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ!

ശ്രീരാഗ് പാറക്കല്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളര്‍ മെഗന്‍ ഷട്ടിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്. മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

മത്സരത്തിന് പുറത്ത് നടന്ന സംഭവമാണ് നടപടിക്ക് കാരണമായതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മരുന്നുകളുടെ ഉപയോഗവുമായി ഈ സംഭവം ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ മാര്‍ഗനിര്‍ദേശങ്ങളിലെ കുറിപ്പടി മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായതിനാലാണ് ഷട്ടിനെതിരെ നടപടിയെടുത്തത്. വിലക്ക് അംഗീകരിച്ച ഷട്ട് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

മെഗന്‍ ഷട്ട്

താരങ്ങള്‍ക്ക് ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് പതിവായി ബോധവത്കരണം നല്‍കുന്നുണ്ടെന്നും അവ പാലിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഷട്ട് സമ്മതിച്ചു. അതേസമയം, ഏത് മരുന്നാണ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പൊതുപ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിലക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഷട്ടിന് കളിക്കാനാകില്ല. വ്യാഴാഴ്ച (ഒക്ടോബര്‍ 22) സിഡ്‌നിയിലെ നോര്‍ത്ത് സിഡ്‌നി ഓവലിലാണ് മത്സരം.

വനിതാ ബിഗ് ബാഷ് ലീഗില്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ, സീസണിലെ ആദ്യ മത്സരവും താരത്തിന് നഷ്ടമാകും. ഒക്ടോബര്‍ 31ന് മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെയാണ് അഡലെയ്ഡ് സ്‌ട്രൈക്കേഴ്സിന്റെ ഉദ്ഘാടന മത്സരം.

ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി നാല് മത്സരത്തിലെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് ഒമ്പത് വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ ഒരു ഫോര്‍ഫര്‍ ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ 114 മത്സരങ്ങള്‍ കളിച്ച ഷട്ട് 158 വിക്കറ്റുകളാണ് ടീമിനുവേണ്ടി നേടിക്കൊടുത്തത്. അന്താരാഷ്ട്ര ടി-20യില്‍ 126 മത്സരത്തിലെ 125 ഇന്നിങ്‌സുകളില്‍ നിന്ന് 152 വിക്കറ്റും താരം നേടി.

Content Highlight: Australian Women’s Cricket Player Megan Schutt Have Big Setback

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more