പാകിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് വമ്പന്‍ ജയം. ലാഹോറില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 44 ഓവറില്‍ 190 റണ്‍സിന് ഓള്‍ ഔട്ടായി.
നഥാന്‍ എല്ലിസിന്റെ തകര്‍പ്പന്‍ ബൗളിങ് കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ഒമ്പത് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് എല്ലിസ് വീഴ്ത്തിയത്. കളിയിലെ താരവും ഓസീസ് പേസര്‍ തന്നെയാണ്.
പരിക്കില്‍ നിന്നും കരകയറിയാണ് എല്ലിസ് മികച്ച പ്രകടനം പുറത്തെടുത്തത്. പരിക്ക് മൂലം താരത്തിന് ഐ.പി.എല്‍ സീസണ്‍ നഷ്ടമായിരുന്നു. എല്ലിസിന്റെ പരിക്ക് ഏറെ തിരിച്ചടിയായത് ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു.
സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് പരിക്ക് പറ്റിയത്. ഇപ്പോള്‍ പരിക്ക് മാറി തിരിച്ചെത്തിയ ആദ്യ പരമ്പരയില്‍ തന്നെ മിന്നും നേടിയും പ്രകടനം പുറത്തെടുക്കുമ്പോള്‍ ഏറ്റവും വലിയ നിരാശ ചെന്നൈ ആരാധകര്‍ക്ക് തന്നെയായിരിക്കും.
നഥാന്‍ എല്ലിസ്
ഐ.പി.എല്ലിന്റെ 19ാം സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്ക് ചെന്നൈ എല്ലിസിനെ നിലനിര്‍ത്തിയിരുന്നു. പേസ് അറ്റാക്കില്‍ ചെന്നൈയുടെ പ്രധാന ബൗളറായിരുന്നു നഥാന്‍ എല്ലിസ്. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ചെന്നൈക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് വിജയവും എട്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയത്. പരിക്കിന്റെ തിരിച്ചടികളും ചെന്നൈ ടൂര്‍ണമെന്റിലെ രണ്ടാം ഘട്ടത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈ പരാജയപ്പെടുകയായിരുന്നു.
അതേസമയം പാകിസ്ഥാനെതിരെ എല്ലിസിന് പുറമെ മാത്യു ഷോര്‍ട്ട് മൂന്ന് വിക്കറ്റും മാത്യു കുഹ്നെമാന്‍, ആദം സാംപ, തന്‍വീര്‍ സംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി.
ഓസീസ് ബാറ്റിങ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍(53), ക്യാപ്റ്റന്‍ ജോഷ് ഇംഗ്ലിസ്(51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. മാറ്റ് റെന്‍ഷോ 43 റണ്‍സും സ്വന്തമാക്കി.
മറുഭാഗത്ത് അര്‍ധ സെഞ്ച്വറി നേടിയ ഷദാബ് ഖാന്‍ പാക് നിരയില്‍ ടോപ് സ്‌കോററായി. 104 പന്തുകളില്‍ നിന്നും 71 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് ഖാസി 37 റണ്‍സും അറഫാത്ത് മിന്‍ഹാസ് 33 റണ്‍സും നേടി പൊരുതി.
പാക് ബൗളിങ്ങില്‍ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ്, അറഫാത്ത് മിന്‍ഹാസ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ലാഹോറില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും.
Content Highlight: Australian pacer Nathan Ellis great performance against Pakistan in odi