ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. വൈഭവ് അതിശയിപ്പിക്കുന്ന താരമാണെന്നും ഇന്ത്യക്ക് പുറത്തുള്ള എല്ലാവരും ചോദിക്കുന്നത് അവന് 15 വയസാണോ എന്നാണെന്നും അദ്ദേഹം പറഞ്ഞു. വൈഭവിന് കഴിവുണ്ടെന്നും ഇന്ത്യക്ക് ലഭിച്ച മികച്ച കണ്ടെത്തലുകളില്‍ ഒരാളാണ് താരമെന്നും ബ്രെറ്റ് ലീ പറഞ്ഞു. ബീര്‍ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവന്‍ അതിശയിപ്പിക്കുന്ന താരമാണ്. ഇന്ത്യക്ക് പുറത്തുള്ള എല്ലാവരും ചോദിക്കുന്നത് അവന് 15 വയസാണോ? അവന് 15 വയസാണോ എന്നതാണ്. വൈഭവാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ചര്‍ച്ചാവിഷയം. അവന്റെ പ്രായം എത്രയാണെന്നത് എനിക്ക് പ്രശ്‌നമല്ല.
15 വയസാണെങ്കില്‍ അതിമനോഹരം. ഇനി 17, 18 വയസാണെങ്കിലും പ്രശ്‌നമില്ല? ഈ കുട്ടിക്ക് ക്രിക്കറ്റ് കളിക്കാന്‍ കഴിവുണ്ട്. ഇന്ത്യയുടെ മികച്ച കണ്ടെത്തലുകളില്‍ ഒരാളാണ് അവന്‍. ഇനിയും വലിയ നേട്ടങ്ങളിലേക്ക് അവന്‍ മുന്നേറും,’ ബീര്‍ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലില്‍ ബ്രെറ്റ് ലീ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലായിരുന്നു യുവ താരം വൈഭവിന്റെ അരങ്ങേറ്റം. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സിംബാബ്‌വേക്കതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. ആദ്യ മത്സരത്തില്‍ 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
അതേസമയം 2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായും വൈഭവിനെ നിയമിച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈഭവ് കളത്തിലിറങ്ങും.
Content Highlight: Australian Legend Brett Lee Praises Vaibhav Suryavanshi