2026 ടി-20 ലോകകപ്പിന്റെ സഹ ആതിഥേയരായ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മാല്‍ക്കം കോണ്‍. ഇംഗ്ലണ്ട് താരങ്ങളായ ആദില്‍ റഷീദിനും രെഹന്‍ അഹമ്മദിനും വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയെ കോണ്‍ ചോദ്യം ചെയ്തു.
എല്ലാ താരങ്ങളെയും ഒരുപോലെ കാണുന്നത് വരെ ഇത്തരം ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ നിന്നും ഐ.സി.സി ഇന്ത്യയെ വിലക്കണമെന്നാണ് കോണ്‍ ആവശ്യപ്പെടുന്നത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ഇത് തീര്‍ത്തും തമാശയാണ്. എല്ലാ താരങ്ങളെയും തുല്യമായി പരിഗണിക്കുന്നത് വരെ ഇന്ത്യ ഇത്തരം ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ നിന്നും ഐ.സി.സി വിലക്കണം. എന്നാല്‍ എന്ത് ചെയ്യാം, ഐ.സി.സിയെ നിയന്ത്രിക്കുന്നത് ബി.സി.സി.ഐ ആണ്, ബി.സി.സി.ഐയാകട്ടെ മോദിയുടെ ശിങ്കിടികളുടെ കൈവശവും,’ എന്നാണ് മാല്‍കം കോണ്‍ പറഞ്ഞത്.
പാക് വംശജരായതുകൊണ്ടാണ് ആദില്‍ റഷീദിന്റെയും രെഹാന്‍ അഹമ്മദിന്റെയും വിസയില്‍ കാലതാമസം നേരിടുന്നതെന്നാണ് വിവരം.
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിന് ശ്രീലങ്കയ്‌ക്കെതിരെ ടി-20 പരമ്പരയുണ്ട്. ഇതിനായുള്ള ടീമിനൊപ്പം ഇരുവരും യാത്ര ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിലും രെഹനും എന്നാണ് ടീമിനൊപ്പം ചേരാന്‍ സാധിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല.
ആദില്‍ റഷീദും രെഹന്‍ അഹമ്മദും
എന്നാല്‍, ആദിലിന്റെയും രെഹന്‍ അഹമ്മദിന്റെയും വിസയ്ക്ക് ഉടന്‍ തന്നെ അനുമതി ലഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇ.സി.ബി) ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതാദ്യമായല്ല, ഒരു ഇംഗ്ലണ്ട് താരത്തിന് വിസയില്‍ പ്രശ്നം നേരിടുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഷൊയ്ബ് ബഷീറിനും വിസയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
അതിനെത്തുടര്‍ന്ന് ബഷീറിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. പിന്നാലെ ലണ്ടനില്‍ പോയി വിസ അപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
നേരത്തെ നാല് യു.എസ്.എ താരങ്ങള്‍ക്കും വിസ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അലി ഖാന്‍, ഷയാന്‍ ജഹാംഗീര്‍, മുഹമ്മദ് മൊഹ്‌സിന്‍, എഹ്‌സാന്‍ ആദില്‍ എന്നിവര്‍ക്കും പാക് വംശജരനെന്ന കാരണം വിസയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Content Highlight: Australian journalist criticizes India over visa issue of Adil Rashid and Rehan Ahmed