| Sunday, 31st August 2025, 5:21 pm

ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം ഇന്ത്യന്‍ വംശജരെന്ന് മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ; വിദ്വേഷ പ്രചാരണത്തെ അപലപിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തിയ ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’യെ അപലപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

സിഡ്‌നി ഉള്‍പ്പടെയുള്ള ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരാണ് പങ്കെടുത്തത്.

കുടിയേറ്റ വിരുദ്ധ റാലിയായ മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ ഇതേപേരിലുള്ള സോഷ്യല്‍മീഡിയ പേജിലൂടെയാണ് പ്രചാരണ പരിപാടികള്‍ നടത്തിയത്.

റാലിയുടെ പ്രചരണപോസ്റ്ററുകളില്‍ ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള മുദ്രാവാക്യങ്ങളാണ് കൂടുതലും ഉള്‍പ്പെട്ടിട്ടുള്ളത്.

ആകെയുള്ള ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിലധികം ഇന്ത്യന്‍ വംശജരാണെന്ന് പോസ്റ്ററുകള്‍ പറയുന്നു.

2013 മുതല്‍ 2023 വരെയുള്ള ഒരു ദശാബ്ദക്കാലത്ത് ഇന്ത്യന്‍ വംശജരുടെ എണ്ണം ഇരട്ടിയിലേറെയായെന്നും നിലവില്‍ 8.5 ലക്ഷത്തോളം (84,5800) പേരാണ് ഓസ്‌ട്രേലിയയിലുള്ളതെന്നും ഇവര്‍ പറയുന്നു.

നൂറ് വര്‍ഷത്തിനുള്ളില്‍ ഗ്രീക്കുകാരുടെയും ഇറ്റലിക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവിനേക്കാള്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നാണ് മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയയുടെ വിമര്‍ശനം.

ഈ വളര്‍ച്ച ചെറിയൊരു സാംസ്‌കാരിക മാറ്റമല്ലെന്നും വളരെ പതിയെയുള്ള പകരംവെയ്ക്കലാണെന്നും മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ കുറ്റപ്പെടുത്തി.

രാഷ്ട്രീയ ബന്ധമില്ലെന്ന് അവകാശപ്പെടുന്ന മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ, കുടിയേറ്റം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയക്കാരെ ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രതികരിച്ചു.

അതേസമയം, ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളെ അപലപിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍, പരിപാടി വംശീയതയും വെറുപ്പും പ്രചരിപ്പിക്കുന്നതാണെന്നും പരിപാടിയുടെ സംഘാടകര്‍ നവനാസികളുമായി ബന്ധമുള്ളവരാണെന്നും വിമര്‍ശിച്ചു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം റാലികളെ സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്ന് മന്ത്രി മുറേ വാട്‌സ്‌കൈ പ്രതികരിച്ചു.

ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലെല്ലാം സംഘടിപ്പിച്ച മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ റാലിയില്‍ സിഡ്‌നിയില്‍ മാത്രം 5000 മുതല്‍ 8000 വരെ ജനങ്ങള്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

മെല്‍ബണില്‍ നടന്ന റാലി അക്രമാസക്തമായതോടെ പൊലീസ് പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടിരുന്നു.

Content Highlight: Australian Government condemns March for Australia

We use cookies to give you the best possible experience. Learn more