| Sunday, 11th May 2025, 12:14 pm

ഐ.പി.എല്‍ ടീമുകള്‍ക്ക് തിരിച്ചടി, ശേഷിച്ച മത്സരങ്ങളില്‍ ഓസീസ് താരങ്ങള്‍ കളിച്ചേക്കില്ല: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള വിദേശ താരങ്ങള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മെയ് ഒമ്പതിന് ഐ.പി.എല്ലില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചിരുന്നു.

താരങ്ങളുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഓസ്ട്രേലിയയില്‍ നിന്നടക്കമുള്ള വിദേശ താരങ്ങളും കോച്ചിങ് സ്റ്റാഫ്സും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ ദിവസം വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. ഇതോടെ ഐ.പി.എല്‍ എത്രയും പെട്ടെന്ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ തെക്കേ ഇന്ത്യയിലെ വേദികളില്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഐ.പി.എല്ലില്‍ 16 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതിനായി ബി.സി.സി.ഐ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.

ഒരാഴ്ചയ്ക്ക് ശേഷം ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതായിരിക്കും ഏറ്റവും വലിയ ചോദ്യമെന്നാണ് ദി വെസ്റ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ഉന്നയിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇതിനോടകം പുറത്തായതിനാല്‍ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, നഥാന്‍ എല്ലിസ് എന്നിവര്‍ തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡും ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷം പല താരങ്ങളും ടൂര്‍ണമെന്റുകള്‍ക്ക് മടങ്ങുമോയെന്ന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയയ്ക്ക് അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കേണ്ടതിനാല്‍ മെയ് 25ന് അപ്പുറം ഐ.പി.എല്‍ നീണ്ടുപോയാലും താരങ്ങള്‍ എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്‌ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Content Highlight: Australian cricketers may refuse to play in the remaining matches if IPL 2025 resumes: Report

We use cookies to give you the best possible experience. Learn more