ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍. നീണ്ട 13 വര്‍ഷത്തെ ഏകദിന കരിയറിന് വിരാമമിട്ടാണ് മാക്സ്വെല്‍ 50 ഓവര്‍ ക്രിക്കറ്റിനോട് വിട പറയുന്നത്. ഫൈനല്‍ വേര്‍ഡ് പോഡ്കാസ്റ്റ് പരിപാടിയിലാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത ലോകകപ്പ് വരെ ടി – 20 ക്രിക്കറ്റില്‍ തുടരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
2012ല്‍ കങ്കാരുക്കള്‍ക്കായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ താരം 149 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റില്‍ 3990 റണ്‍സും 77 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. കൂടാതെ, 91 ക്യാച്ചുകളും ഓള്‍റൗണ്ടര്‍ നേടിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 33.81 ആവറേജും 126.70 സ്‌ട്രൈക്ക് റേറ്റുമാണ് മാക്‌സിക്കുള്ളത്.
തന്റെ കരിയറില്‍ രണ്ട് ഏകദിന കിരീടങ്ങളില്‍ ഭാഗമാവാന്‍ 36കാരന് സാധിച്ചിട്ടുണ്ട്. 2015ലും 2023ലും ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ മാക്‌സി ടീമിന്റെ ഭാഗമായിരുന്നു. താരം 2023ല്‍ ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളുമാണ്.
ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച അസാമാന്യ ഇന്നിങ്സ് എക്കാലവും ക്രിക്കറ്റ് ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. മത്സരത്തില്‍ ഓസ്‌ട്രേലിയ തോല്‍ക്കുമെന്ന് ഏവരും ഉറപ്പിച്ച നിമിഷത്തില്‍ ക്രീസിലെത്തി പുറത്താവാതെ ഇരട്ട സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ച് താരം ചരിത്രം കുറിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 90 റണ്‍സിന് നിലയില്‍ തകര്‍ന്നടിഞ്ഞപ്പോളാണ് മാക്‌സി അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ച വെച്ചത്. പരിക്കിനെ പോലും വക വെക്കാതെ അടിച്ചു കളിച്ച താരം ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ച് ലോക ക്രിക്കറ്റില്‍ ഒരു അവിസ്മരണീയ ഏടാണ് ചേര്‍ത്തത്.
Content Highlight: Australian Cricketer Glenn Maxwell retires from ODI Cricket