| Tuesday, 3rd November 2026, 12:11 am

യുഗാന്ത്യം! ഓസ്‌ട്രേലിയൻ ഇതിഹാസം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 2012ൽ കങ്കാരുക്കൾക്കായി ദേശീയ കുപ്പായത്തിൽ അരങ്ങേറിയ താരം കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ താരം ഇന്റർനാഷണൽ ക്രിക്കറ്റിനോട് പൂർണമായും വിടപറഞ്ഞിരിക്കുകയാണ്.

ഓസ്ട്രേലിയക്ക് വേണ്ടി 130 ടി-20 മത്സരങ്ങളിൽ നിന്നും 2897 റൺസാണ് മാക്‌സ്‌വെൽ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും മാക്‌സ്‌വെൽ കുട്ടിക്രിക്കറ്റിൽ ഓസ്ട്രേലിയൻ ജേഴ്സിയിൽ അടിച്ചെടുത്തിട്ടുണ്ട്.

ഓസ്ട്രേലിയയിലേക്ക് വേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ടെസ്റ്റിൽ ഒരു സെഞ്ച്വറി അടക്കം 339 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തിൽ 149 മത്സരങ്ങൾ ആണ് താരം കളിച്ചിട്ടുള്ളത്. ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിൽ 3990 റൺസും 77 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും ഓസ്ട്രേലിയക്കായി ഒരുപിടി സംഭാവനകൾ നൽകിയ താരമാണ് മാക്സ് വെൽ. ഏകദിനത്തിൽ 77 വിക്കറ്റുകളും ടി-20യിൽ 51 വിക്കറ്റുകളും നേടിയ താരം ടെസ്റ്റ് ക്രിക്കറ്റിൽ എട്ട് വിക്കറ്റുകളും വീഴ്ത്തി.

തന്റെ കരിയറിൽ രണ്ട് ഏകദിന ലോകകപ്പും ഒരു ടി-20 ലോകകപ്പുമാണ് മാക്‌സ്‌വെൽ നേടിയിട്ടുള്ളത്. 2015ലും 2023ലും ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോൾ മാക്‌സി ടീമിന്റെ ഭാഗമായിരുന്നു. 2021ലായിരുന്നു താരത്തിന്റെ ടി-20 കിരീട നേട്ടം. 2023ൽ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിക്കാനും മാക്സിക്ക് സാധിച്ചു.

2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മാക്സ്‌വെല്ലിന്റെ അസാമാന്യ ഇന്നിങ്സ് എന്നും ക്രിക്കറ്റ് ആരാധകർ ഓർത്തിരിക്കുന്നതാണ്. മത്സരത്തിൽ ഓസ്‌ട്രേലിയ തോൽക്കുമെന്ന് ഏവരും ഉറപ്പിച്ച നിമിഷത്തിൽ ക്രീസിലെത്തി പുറത്താവാതെ ഇരട്ട സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ചാണ് താരം ചരിത്രം കുറിച്ചിരുന്നത്.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ സ്‌കോർ പിന്തുടർന്ന ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 90 റൺസിന് നിലയിൽ തകർന്നടിഞ്ഞപ്പോളാണ് മാക്‌സി അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവെച്ചത്. പരിക്കിനെ പോലും വക വെക്കാതെ പോരാടിയ കളിച്ച താരം ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ച ഈ ഇന്നിങ്സിന് ലോക ക്രിക്കറ്റിൽ പ്രത്യേകമായ ഒരു സ്ഥാനമുണ്ട്.

മത്സരത്തിൽ 128 പന്തിൽ നിന്നും പുറത്താകാതെ 201 നേടികൊണ്ടായിരുന്നു മാക്സ്‌വെല്ലിന്റെ തകർപ്പൻ ഇന്നിങ്സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയൻ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. 91 റൺസിന് ഏഴ് വിക്കറ്റുകൾ എന്ന നിലയിൽ തകർച്ചയിൽ നിൽക്കുന്ന ഓസിസിനെ നായകൻ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചുകൊണ്ട് മാക്‌സ്‌വെൽ മുന്നോട്ട് നയിച്ചപ്പോൾ ക്രിക്കറ്റ് ലോകം കണ്ടത് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസിങ് ആയിരുന്നു.

128 പന്തിൽ നിന്നും 201 റൺസാണ് മാക്‌സ്‌വെൽ നേടിയത്. 21 ഫോറുകളുടെയും 10 കൂറ്റൻ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു മാക്‌സിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. ഓസ്‌ട്രേലിയ 19 പന്തുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വീരോചിതമായ ഇന്നിങ്സിന് പിന്നാലെ ഏകദിന ഫോർമാറ്റിൽ ഓസ്‌ട്രേലിയക്കായി ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം, ചേസിങ്ങിനിടെ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്നീ ചരിത്ര നേട്ടങ്ങളും മാക്‌സ്‌വെൽ തന്റെ പേരിലാക്കി മാറ്റിയിരുന്നു.

Content Highlight: Australian all rounder Glenn Maxwell retires from international cricket

Latest Stories

We use cookies to give you the best possible experience. Learn more