| Saturday, 22nd November 2025, 3:42 pm

ഹെഡ്ഡിന്റെ താണ്ഡവത്തില്‍ ത്രീ ലയണ്‍സ് ചാരം; ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി കങ്കാരുപ്പട!

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയവുമായി ഓസ്‌ട്രേലിയ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനാണ്  വിജയിച്ചത്.

സ്‌കോര്‍

ഇംഗ്ലണ്ട് – 172 & 164

ഓസ്‌ട്രേലിയ – 132 & 205

ടാര്‍ഗറ്റ് – 205

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡ് അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ എളുപ്പം വിജയിച്ചത്. 83 പന്തില്‍ നിന്ന് നാല് സിക്‌സും 16 ഫോറും ഉള്‍പ്പെടെ 123 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ആഷസില്‍ ഓപ്പണറായി ഇറങ്ങി ഒരു ഇന്നിങ്‌സില്‍ നാല് സിക്‌സര്‍ നേടുന്ന ആദ്യ താരമാകാനാണ് ട്രാവിസ് ഹെഡ്ഡിന് സാധിച്ചത്. മത്സരത്തില്‍ നേരിട്ട 69ാം പന്തിലാണ് ഹെഡ്ഡ് സെഞ്ച്വറി സ്വന്തമാക്കിയത്.

ഹെഡ്ഡിന് പുറമെ മാര്‍നസ് ലബുഷാന്‍ പുറത്താകാതെ 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെ 23 റണ്‍സ് നേടിയാണ് മടങ്ങിയത്. ബ്രൈഡന്‍ കാഴ്‌സിനാണ് ഹെഡ്ഡിന്റേയും ജേക്കിന്റേയും വിക്കറ്റ്.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ സ്‌കോട്ട് ബോളണ്ടിന്റെ ബൗളിങ് കരുത്തിലാണ് ഇംഗ്ലണ്ടിനെ ഓസീസ് എളുപ്പം തകര്‍ത്തത്. നാല് വിക്കറ്റാണ് താരം നേടിയത്. ഗസ് ആറ്റ്കിങ്സണ്‍ (32 പന്തില്‍ 37), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 28), ഒല്ലി പോപ്പ് (57 പന്തില്‍ 33), ഹാരി ബ്രൂക്ക് (മൂന്ന് പന്തില്‍ 0) എന്നീ വമ്പന്‍മാരെയാണ് സ്‌കോട്ട് പുറത്താക്കിയത്. സ്‌കോട്ടിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ബ്രെണ്ടണ്‍ ഡൊഗ്ഗെറ്റും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

ഓസീസിനായി രണ്ടാം ഇന്നിങ്സിലും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് നേടിയിരുന്നു. ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു താരം ക്രോളിയെ പൂജ്യത്തിന് പറഞ്ഞയച്ചത്. പിന്നീട് സൂപ്പര്‍ താരം ജോ റൂട്ടിനെ എട്ട് റണ്‍സിന് ബൗള്‍ഡാക്കിയും സ്റ്റാര്‍ക്ക് തിളങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ രണ്ട് റണ്‍സിലും സ്റ്റാര്‍ക്ക് തളച്ചു. ഇംഗ്ലണ്ടിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഗസ് ആറ്റ് കിന്‍സനാണ്. 37 റണ്‍സാണ് താരം നേടിയത്. ഒല്ലി പോപ്പ് 33 റണ്‍സും ബെന്‍ ഡക്കറ്റ് 28 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ബൗളിങ് കരുത്തിലാണ് ആദ്യ ഇന്നിങ്സില്‍ ഓസീസ് തകര്‍ന്നടിഞ്ഞത്.

ആറ് ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ട്രാവിസ് ഹെഡ് (35 പന്തില്‍ 21 റണ്‍സ്), കാമറൂണ്‍ ഗ്രീന്‍ (50 പന്തില്‍ 24 റണ്‍സ്), അലക്സ് കാരി (26 പന്തില്‍ 26 റണ്‍സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (12 പന്തില്‍ 12 റണ്‍സ്) സ്‌കോട്ട് ബോളണ്ട് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെയാണ് സ്റ്റോക്സ് പുറത്താക്കിയത്. മത്സരത്തില്‍ സ്റ്റോക്സിന് പുറമെ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കാഴ്സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കങ്കാരുക്കള്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി. കൂടാതെ, ജെയ്മി സ്മിത് 22 പന്തില്‍ 33 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. മാത്രമല്ല താരത്തിന്റെ 17ാം ടെസ്റ്റ് ഫൈഫറാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്സ് (6), ജെയ്മി സ്മിത് (33), ഗസ് ആറ്റ്കിന്‍സണ്‍ (1), മാര്‍ക്ക് വുഡ് (0) എന്നിവരെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

Content Highlight: Australia Won First Ashes Match In 2025-26

We use cookies to give you the best possible experience. Learn more