| Saturday, 1st February 2025, 12:52 pm

മാത്യുവിന്റെ ഫൈഫറില്‍ കങ്കാരുപ്പടയുടെ ആറാട്ട്; ഫോളോ ഓണില്‍ കുരുങ്ങി ലങ്ക, വിജയം ഒരുപാട് അകലെ!

സ്പോര്‍ട്സ് ഡെസ്‌ക്

വോണ്‍ – മുരളീധരന്‍ ട്രോഫിയില്‍ ശ്രീലങ്കയെ ഫോളോ ഓണിനയച്ച് ഓസ്‌ട്രേലിയ. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ഓസീസ് ലങ്കയെ തുടര്‍ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശേഷം 165 റണ്‍സിനാണ് ലങ്കയെ ഓസീസ് തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി മാത്യു കുനേമാന്‍ നേടിയ ഫൈഫര്‍ വിക്കറ്റിലാണ് ലങ്ക തകര്‍ന്നടിഞ്ഞത്. മൂന്ന് മെയ്ഡന്‍ അടക്കം 3.44 എന്ന എക്കോണമിയിലാണ് മാത്യു ബോളെറിഞ്ഞത്.

ഒഷാദ ഫെര്‍ണാണ്ടോ (7), ധനഞ്ജയ ഡി സില്‍വ (22), കുശാല്‍ മെന്‍ഡിസ് (21), പ്രഭാത് ജയസൂര്യ (0), ജെഫ്രി വാന്‍ഡെര്‍സെ (4) എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. ഇത് താരത്തിന്റെ രണ്ടാം ഫൈഫര്‍ നേട്ടമാണ്.

ഇന്ത്യയ്‌ക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇതിന് മുന്നേ താരം ഫൈഫര്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഏഷ്യയില്‍ നടന്ന ടെസ്റ്റില്‍ രണ്ട് ഫൈഫര്‍ സ്വന്തമാക്കുന്ന ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാരുടെ പട്ടികയില്‍ ഇടം നേടാനാണ് മാത്യുവിന് സാധിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏഷ്യയിലെ ടെസ്റ്റുകളില്‍ ഒന്നിലധികം 5 ഫെറുകള്‍ നേടിയ ഓസ്ട്രേലിയന്‍ സ്പിന്നര്‍

ഷെയ്ന്‍ വോണ്‍

നഥാന്‍ ലിയോണ്‍

സ്റ്റീവ് ഒ കീഫ്

മാത്യു കുനേമാന്‍

മാത്യുവിന് പുറമെ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി. ഇതോടെ കരിയറില്‍ 700 ടെസ്റ്റ് വിക്കറ്റും സ്റ്റാര്‍ക്ക് പൂര്‍ത്തിയാക്കി.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ലങ്ക ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് നേടിയത്. നിലവില്‍ ലങ്കയ്ക്ക് വേണ്ടി ക്രീസിലുള്ളത് ഏഞ്ചലോ മാത്യൂസാണ്. 34 റണ്‍സാണ് താരം നേടയത്.

കാമിന്തു മെന്‍ഡിസാണ് താരത്തിനൊപ്പം ഇറങ്ങാനുള്ളത്. ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോ ആറ് റണ്‍സിനും ദിമുത്ത് കരുണരത്‌നെ പൂജ്യം റണ്‍സിനും മടങ്ങിയപ്പോള്‍ ദിനേശ് ചണ്ഡിമല്‍ 31 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

Content Highlight: Australia VS Sri Lanka Test Match Update

We use cookies to give you the best possible experience. Learn more