ആഷസ് ട്രോഫിയിലെ മൂന്നാം മത്സരത്തിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ട് ഓസ്‌ട്രേലിയ. 15 അംഗങ്ങളുടെ സ്‌ക്വാഡാണ് ഓസീസ് പുറത്ത് വിട്ടത്. പാറ്റ് കമ്മിന്‍സാണ് ടീമിനെ നയിക്കുന്നത്. നേരത്തെ പരിക്ക് പറ്റി ചികിത്സയിലായിരുന്ന കമ്മിന്‍സിന് ആദ്യ രണ്ട് ആഷസ് മത്സരങ്ങളും നഷ്ടമായിരുന്നു. ഇതോടെ സ്റ്റീവ് സ്മിത്തില്‍ നിന്ന് ക്യാപ്റ്റന്‍സി തിരിച്ചെടുത്തിരിക്കുകയാണ് കമ്മിന്‍സ്.
സൂപ്പര്‍ പേസര്‍ക്ക് പുറമെ സ്പിന്നര്‍ നഥാന്‍ ലിയോണും ഉസ്മാന്‍ ഖവാജയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം ജോഷ് ഹേസല്‍വുഡിന് ഇനിയും ടീമില്‍ തിരിച്ചെത്താനായില്ല. പരിക്കില്‍ നിന്ന് താരത്തിന് പൂര്‍ണമായി മോചിതനാകാന്‍ സാധിച്ചില്ല.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.
അതേസമയം ഇംഗ്ലണ്ടിന് സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡിനെ നഷ്ടമായിരിക്കുകയാണ്. കണങ്കാലിന് പരിക്ക് പറ്റിയതിനാലാണ് ശേഷിക്കുന്ന മത്സരത്തില്‍ നിന്ന് താരം പുറത്തായത്. എന്നിരുന്നാലും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ ഒരു ആഷസ് പരമ്പര വിജയിക്കാനുള്ള അവസരം ഇനിയും ഇംഗ്ലണ്ടിന് ബാക്കിയുണ്ട്.
അതിനായി വരാനിരിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയിച്ചേ മതിയാകൂ. എന്നാല്‍ ഫുള്‍ ഫോമിലുള്ള ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കമ്മിന്‍സും ചേരുന്നത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം നേടിയാണ് കങ്കാരുക്കള്‍ മുന്നേറുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17 മുതല്‍ 21 വരെ നടക്കും. അഡ്‌ലെയ്ഡ് ഓവലിലാണ് മത്സരത്തിന്റെ വേദി. ആഷസില്‍ ആതിഥേയരായ ഓസ്ട്രേലിയ 2 – 0ന് മുന്നിലാണ്.
Content Highlight: Australia Release squad for third Ashes match, Pat Cummins returns as captain