2026 ടി – 20 ലോകകപ്പില്‍ സിംബാബ്‌വേ സൂപ്പര്‍ 8ലേക്ക് മുന്നേറിയതിന് പിന്നാലെ ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. നേരത്തെ മൂന്നാം മത്സരത്തിലെ ശ്രീലങ്കയ്ക്ക് എതിരെയുള്ള പരാജയത്തോടെ ടീമിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. എങ്കിലും ടീമിന് നേരിയ സാധ്യത നിലനിന്നിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന സിംബാബ്‌വേ – അയര്‍ലാന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വേ അഞ്ച് പോയിന്റുമായി സൂപ്പര്‍ 8ലെത്തി. ഇതോടെയാണ് ഓസീസിന്റെ യാത്ര അവസാനിച്ചത്.
ഇതിന് പിന്നാലെ ഐ.സി.സി ടൂര്‍ണമെന്റുകളിലെ ഓസീസിന്റെ സമീപകാല പ്രകടനങ്ങളും ചര്‍ച്ചയാവുകയാണ്. അവസാനമായി നടന്ന നാല് ടൂര്‍ണമെന്റുകളില്‍ കങ്കാരുപ്പടയ്ക്ക് നഷ്ടങ്ങള്‍ ഏറെയാണ്. ആകെയുളള നേട്ടമാകട്ടെ 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയതാണ്.
2023 ഏകദിന ലോകകപ്പുമായി ഓസീസ് ടീം. Photo: NewsByets.com
അതിന് ശേഷമെത്തിയ നാല് ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഓസീസ് കണ്ണീരുമായാണ് മടങ്ങിയത്. ഇതില്‍ ആദ്യം 2024 ടി – 20 ലോകകപ്പിലാണ്. ടൂര്‍ണമെന്റില്‍ ടീമിന് സൂപ്പര്‍ എട്ടില്‍ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
പിന്നീടെത്തിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ കങ്കാരുക്കള്‍ സെമി ഫൈനലില്‍ തോല്‍വി വഴങ്ങി. 2025 ഫെബ്രുവരിയില്‍ നടന്ന ടൂര്‍ണമെന്റിലെ ഫൈനലില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞായിരുന്നു ടീമിന്റെ മടക്കം. ആ വര്‍ഷം തന്നെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ എത്തിയെങ്കിലും സൗത്ത് ആഫ്രിക്കക്ക് കീഴില്‍ കിരീടം കൈവിട്ടു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നത്.
ഓസ്‌ട്രേലിയൻ ടീം. Photo: CricketAustralia/x.com
എന്നാല്‍, ഏകദിന ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമല്ല ദ്വിരാഷ്ട്ര പരമ്പരകളിലും ടീമിന് നല്ല കാലമല്ല. സ്വന്തം മണ്ണില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഒരു ടെസ്റ്റ് മത്സരത്തില്‍ ടീം തോല്‍വി വഴങ്ങി. പിന്നാലെ തുടര്‍ച്ചയായി മൂന്ന് ഏകദിന പരമ്പരകളും ഓസീസ് കൈവിട്ടു.
പാകിസ്ഥാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്ക് മുന്നിലാണ് ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. കൂടാതെ, സ്വന്തം മണ്ണിലും ഇന്ത്യയിലും ഇന്ത്യയോട് ടി – 20 പരമ്പരകളും ടീമിന് അടിയറവ് പറയേണ്ടി വന്നു.
കങ്കാരുപ്പടയുടെ ഈ കാലയളവിലെ മറ്റൊരു നഷ്ടം പാകിസ്ഥാനോടുള്ള ടി – 20 പരമ്പരയായിരുന്നു. ഇതാകട്ടെ പാക് ടീം നേടിയെടുത്തത് പരമ്പര തൂത്തുവാരിയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒറ്റൊന്നില്‍ പോലും മൈറ്റി ഓസീസിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Australia have many setbacks after winning 2023 ODI World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ