2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. മാര്‍ച്ച് നാലിന് ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
എന്നാല്‍ ശക്തരായ ഇന്ത്യയോട് പൊരുതാന്‍ ഓസ്‌ട്രേലിയ വിയര്‍ക്കുമെന്നത് ഉറപ്പാണ്.
സെമി ഫൈനലില്‍ യോഗ്യത നേടിയെങ്കിലും വമ്പന്‍ തിരിച്ചടിയാണ് ഓസ്ട്രേലിയയ്ക്ക് നേരിടേണ്ടി വന്നത്. ആറ് പ്രധാന കളിക്കാരില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.
ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറോണ്‍ ഗ്രീന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് ഓസീസ് ഓപ്പണര്‍ മാത്യു ഷോട്ടിന്റെ പരിക്കും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
ഷോട്ടിന് പകരം യുവ ഓള്‍ റൗണ്ടര്‍ കൂപ്പര്‍ കൊണോലിയയെയാണ് ഓസ്‌ട്രേലിയ ടീമിലെത്തിച്ചത്. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്‌ക്കെതിരെ സെമി ഫൈനലിനിറങ്ങുമ്പോള്‍ വലിയ ആശങ്കകള്‍ തന്നെയാണ് മുന്നിലുള്ളത്. ഓസീസിന്റെ മുന്നിലെ നീണ്ട വെല്ലുവിളികള്‍ കണക്കിലെടുത്താല്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുമെന്ന് തന്നെ കരുതാം.
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ വിടവ് ഒഴിച്ചാല്‍ ഇന്ത്യ അതി ശക്തരാണ്. എന്നാല്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്മിത് തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ക്ക് കഴിയുമെന്നും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.
ബി-ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടുമുള്ള മത്സരത്തില്‍ മഴ വില്ലനായി എത്തിയതോടെ ഓസീസ് പോയിന്റ് പങ്കിടുകയായിരുന്നു. നാല് പോയിന്റുമായി ടേബിള്‍ ടോപ്പറാണ് ഓസ്‌ട്രേലിയ. എന്നിരുന്നാലും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മറ്റൊരു ഐ.സി.സി കിരീടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഷോണ്‍ അബ്ബോട്ട്, അലകസ് കാരി, കൂപ്പര്‍ കൊണോലി, ബെന്‍ ഡ്വാര്‍ഷ്യസ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാര്‍നസ് ലാബുഷാഗ്‌നെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സങ്ക, ആദം സാംപ
Content Highlight: Australia Have Big Challenges Against India In Champions Trophy Semi Final