| Sunday, 5th July 2026, 11:29 pm

ഏഴഴകില്‍ ഓസ്‌ട്രേലിയ! ഇംഗ്ലണ്ടിനെ തകര്‍ത്ത് ടി-20 ലോക കിരീടം ചൂടി കങ്കാരുപ്പട

സുദേവ് എ

ഐ.സി.സി വനിതാ ടി-20 കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ലോര്‍ഡ്സില്‍ നടന്ന കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഓസീസ് ചാമ്പ്യന്മാരായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഓസ്ട്രേലിയയുടെ ഏഴാം ടി-20 ലോകകപ്പ് കിരീട നേട്ടമാണിത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് കങ്കാരുപ്പട കുട്ടിക്രിക്കറ്റിന്റെ കിരീടം ചൂടിയത്.

ബേത്ത് മൂണിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചുകയറിയത്. 49 പന്തില്‍ 64 റണ്‍സാണ് ബേത്ത് മൂണി സ്വന്തമാക്കിയത്. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഫോബ് ലിച്ച്ഫീല്‍ഡിന്റെ പ്രകടനവും ഓസ്ട്രേലിയയുടെ വിജയം അനായാസമാക്കി. 35 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 48 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 53 പന്തില്‍ പുറത്താവാതെ 58 റണ്‍സാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ നേടിയത്. അഞ്ച് ഫോറുകളാണ് താരം നേടിയത്.

ഫ്രേയ കെമ്പ് 28 പന്തില്‍ നാല് ഫോറുകളും ഒരു സിക്സും അടക്കം പുറത്താവാതെ 44 റണ്‍സും നേടി ടീമിന് മാന്യമായ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. ആലീസ് കാപ്‌സി 23 റണ്‍സും സ്വന്തമാക്കി.

ഓസീസ് ബൗളിങ്ങില്‍ സോഫി മോളിനക്‌സ്, അന്നബെല്‍ സതര്‍ലാന്‍ഡ്, കിം ഗാര്‍ത്ത്, ലൂസി ഹാമില്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Australia defeats England to win ICC Women’s T20 World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more