വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ബുധനാഴ്ച (ഒക്ടോബര്‍ 22) നടക്കാനിരിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച പരിശീലനത്തിനിടെ കാലിനേറ്റ പരിക്ക് കാരണമാണ് ഹീലി ടീമില്‍ നിന്ന് പുറത്തായത്.
താരത്തിന് എത്ര മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നത് വ്യക്തമല്ല. ഹീലിയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരെ ബെത്ത് മൂണി വിക്കറ്റ് കീപ്പറാകും. ടീമിന്റെ ക്യാപ്റ്റന്‍സി ആരെയാണ് ഏല്‍പ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒക്ടോബര്‍ 25 ന് സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ അവസാന ലീഗ് മത്സരം വരെ ഹീലി മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ തുടരും.
അതേസമയം ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇതിനകം സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളടക്കം ഒമ്പത് പോയിന്റാണ് ഇരു ടീമിനുമുള്ളത്. എന്നിരുന്നാലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. എന്നാല്‍ ഹീലിയുടെ അഭാവത്തില്‍ വരാനിരിക്കുന്ന മത്സരത്തില്‍ വിജയം നേടി ഒന്നാം സ്ഥാനത്തേക്ക് ചേക്കേറാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മിന്നും പ്രകടനമാണ് ഹീലി കാഴ്ചവെച്ചത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരെ ഹീല് സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരെ 77 പന്തില്‍ 113* റണ്‍സ് നേടിയാണ് ഹീലി ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യയ്‌ക്കെതിരെ 107 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.
അതുവരെ കളിച്ച നാല് മത്സരത്തില്‍ നിന്നും 98.00 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 294 റണ്‍സാണ് ഹീലി സ്വന്തമാക്കിയത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതും ഹീലി തന്നെയാണ്. നാല് മത്സരത്തില്‍ നിന്നും 260 റണ്‍സടിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈനിനെ മറികടന്നുകൊണ്ടാണ് ഹീലിയുടെ നേട്ടം.