ഗസ: കടുത്ത മാനുഷിക പ്രതിസന്ധി തുടരുന്നതിനാൽ ഗസയിലേക്ക് സഹായം അനുവദിക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെട്ട് ഓസ്ട്രേലിയ, കാനഡ, ഇറ്റലി, യു.കെ എന്നീ രാജ്യങ്ങൾ.
മാനുഷിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഗസയിലേക്ക് ടെന്റുകളും മറ്റ് സുപ്രധാന സാധനങ്ങളും എത്തിക്കുന്നത് ഇസ്രഈൽ തടയുകയാണെന്ന് രാജ്യങ്ങൾ ആരോപിച്ചു.
നവംബർ ആറിന് ഉണ്ടായ വെള്ളപ്പൊക്കം ഫലസ്തീനികളെ കൂടുതൽ ദുരിതത്തിലാക്കിയെന്നും രാജ്യങ്ങൾ പറഞ്ഞു.
ഗസയിലെ മാനുഷിക പ്രതിസന്ധി മുൻനിർത്തി തയ്യാറാക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ ഓസ്ട്രേലിയ, കാനഡ, ഇറ്റലി, യു.കെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്നലെ (ഞായറാഴ്ച) ഒപ്പുവെച്ചു.
‘150,000 ടെന്റുകളും മറ്റ് സാധനങ്ങളും ഇസ്രഈൽ അതിർത്തിയിൽ തടഞ്ഞുവെച്ചു. ഗസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം അത്യാവശ്യമാണ്. ഗസയിലേക്കുള്ള കയറ്റുമതി ഇസ്രഈൽ വർഷങ്ങളായി നിയന്ത്രിച്ചിരിക്കുകയാണ്.’ രാജ്യങ്ങൾ പറഞ്ഞു.
ഗസയിൽ അടിയന്തരവും വേഗത്തിലും തടസമില്ലാത്തതുമായ മാനുഷിക സഹായം അനുവദിക്കണമെന്നും വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിനാളുകളുണ്ടെന്നും ഈ സാഹചര്യം പൂർണമായും പഴയപടിയാക്കാൻ കഴിയുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഇതിനായി പ്രവർത്തിക്കാൻ സമയമുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗസയിൽ നവംബർ ആറിന് പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്ടങ്ങളുണ്ടായത്. മൂന്നര ലക്ഷത്തോളം പേർക്ക് അഭയ കേന്ദ്രങ്ങൾ നഷ്ടപ്പെട്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൂടാരങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ തുറന്ന ഇടങ്ങളിൽ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
Content Highlight: Australia, Canada, Italy, and the U.K. urge Israel to allow emergency aid into Gaza.