| Sunday, 23rd August 2026, 12:33 pm

തലയുയർത്തി കങ്കാരുപ്പട, ബംഗ്ലാദേശിനും സാധിച്ചില്ല; ചരിത്രത്തിൽ ഇന്ത്യ ഒറ്റയ്ക്ക് വാഴും

സുദേവ് എ

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായി രണ്ടാം മത്സരത്തിലും വിജയം ആവര്‍ത്തിച്ച് പരമ്പര നേടാനെത്തിയ ബംഗ്ലാദേശിനെ അവസാന മത്സരത്തില്‍ വീഴ്ത്തിയാണ് കങ്കാരുപ്പട പരമ്പര സമനിലയിലാക്കിയത്.

ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് ഓസ്ട്രേലിയയുടെ വിജയം. രണ്ടാം ഇന്നിങ്‌സില്‍ വെറും 95 റണ്‍സിനാണ് ബംഗ്ലാദേശ് മടങ്ങിയത്. വെറും രണ്ട് ദിവസം കൊണ്ടാണ് ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ തകര്‍ത്തത്.

ബംഗ്ലാദേശിനും ഓസ്ട്രേലിയയില്‍ വെച്ച് ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കാതെ പോയതോടെ ഏഷ്യയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാത്രം അവകാശപ്പെടാനുള്ള ചരിത്രം ഇനിയും എതിരാളികളില്ലാതെ തുടരുമെന്നുറപ്പായി.

ഓസ്ട്രേലിയന്‍ മണ്ണില്‍ ഓസ്ട്രേലിയയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടിയ ഏഷ്യന്‍ ടീം ഇന്ത്യ മാത്രമാണ്. രണ്ട് തവണയാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. 2018-19ല്‍ വിരാട് കോഹ്ലിയുടെ കീഴിലാണ് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയ കീഴടക്കിയത്. 2-1നായിരുന്നു ഇന്ത്യയുടെ വിജയം. പിന്നീട് 2020-21ല്‍ അജിന്‍ക്യ രഹാനെയുടെ കീഴിലും ഇന്ത്യ ഈ നേട്ടം ആവര്‍ത്തിച്ചു.

രണ്ട് ഇന്നിങ്സുകളിലുമായി മിന്നും പ്രകടനം നടത്തിയ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചുകയറിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 122 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 10 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ വെറും 64 റണ്‍സിനാണ് ബംഗ്ലാദേശ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിനൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹെയ്സല്‍വുഡ് ഒരു വിക്കറ്റും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും നേടി ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 210 റണ്‍സാണ് നേടിയത്. ഓസീസിനായി അര്‍ധ സെഞ്ച്വറി നേടി കാമറൂണ്‍ ഗ്രീന്‍ നിര്‍ണായകമായി. 105 പന്തുകളില്‍ നിന്നും 67 റണ്‍സാണ് ഗ്രീന്‍ നേടിയത്. 10 ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. സ്റ്റീവ് സ്മിത്ത് 42 റണ്‍സും നഥാന്‍ ലിയോണ്‍ പുറത്താവാതെ 32 റണ്‍സും സ്വന്തമാക്കി.

ബംഗ്ലാദേശ് ബൗളിങ് നിരയില്‍ തിളങ്ങിയത് ഷോരിഫുല്‍ ഇസ്ലാമാണ്. ഓസ്ട്രേലിയയുടെ ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയയത്. 15 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം 48 റണ്‍സ് വിട്ടുനല്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തൈജുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Australia beat Bangladesh in 2nd test match innings and 51 runs

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more