കാന്‍ബറ: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം. സൗരഭ് ആനന്ദ് എന്നയാളെ അഞ്ചംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മെല്‍ബണില്‍ ജൂലൈ 19നാണ് അതിക്രമം നടന്നത്. വടിവാള്‍ ഉപയോഗിച്ചാണ് സൗരഭിനെ അഞ്ചംഗ സംഘം ആക്രമിച്ചത്.
ആക്രമണത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. ഗുരുതരമായി പരിക്കേറ്റ സൗരഭ് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സൗരഭിന്റെ കൈപ്പത്തി മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലെ മൂന്ന് പേര്‍ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് സൗരഭിനെ പല ഘട്ടങ്ങളായി ആക്രമിച്ചുവെന്നാണ് വിവരം.
മെല്‍ബണിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് സൗരഭ് ആനന്ദ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
‘സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. അക്രമിക്കപ്പെട്ടതിന് ശേഷം നോക്കുമ്പോള്‍ എന്റെ കൈ ഒരു നൂലില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അസ്ഥിയും പൊട്ടിയിരുന്നു. ഞാന്‍ ഇപ്പോള്‍ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്,’ ചികിത്സയിലിരിക്കെ സൗരഭ് ആനന്ദ് പറഞ്ഞു.
അപരിചിതരായ ആളുകളോടാണ് താന്‍ സഹായം തേടിയതെന്നും അവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും സൗരഭ് ആനന്ദ് ദി ഏജ് പത്രത്തോട് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
സൗരഭിന് പുറമെ മറ്റൊരു ഇന്ത്യക്കാരന് നേരെയും ഓസ്ട്രേലിയയില്‍ വംശീയ അധിക്ഷേപവും ആക്രമണവും നടന്നിരുന്നു. അഡലെയ്ഡില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 23 വയസുള്ള ഇന്ത്യന്‍ വംശജനായ ചരണ്‍പ്രീത് സിങ് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു
ആക്രമണത്തില്‍ തലച്ചോറിന് പരിക്കേറ്റ ചരണ്‍പ്രീത് സിങ്ങിന്റെ ശരീരത്തില്‍ ന്നിലധികം ഒടിവുകളും സംഭവിച്ചിരുന്നു. സംഭവത്തില്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഒരു 20 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനുപിന്നാലെ മെല്‍ബണിലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെയും രണ്ട് ഏഷ്യന്‍ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളുടെയും ചുമരില്‍ വംശീയ അധിക്ഷേപങ്ങള്‍ എഴുതി വികൃതമാക്കിയിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘തൊലി കറുത്തവര്‍ നാട് വിട്ടുപോകു’ തുടങ്ങിയ വംശീയ അധിക്ഷേപങ്ങളാണ് ചുമരില്‍ എഴുതിയിരുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജസീന്ത അലന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെറുപ്പുളവാക്കുന്ന വംശീയ ആക്രമണമാണെന്നും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Another attack on an Indian-origin man in Australia; four arrested