| Friday, 9th October 2026, 6:34 pm

ആദ്യ മത്സരം തോറ്റത് 129 റണ്‍സിന്, ഇന്ന് 69 റണ്‍സിനും; കങ്കാരുക്കള്‍ക്ക് മുമ്പില്‍ വീണ്ടും കാലിടറി ഇന്ത്യ

ആദർശ് എം.കെ.

ഓസ്‌ട്രേലിയ എയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും വിജയവുമായി കങ്കാരുക്കള്‍. പുതുച്ചേരിയില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് ഇന്ത്യ എയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ എ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 275 റണ്‍സ് നേടി. സാം കോണ്‍സ്റ്റാസ്, ജോഷ് ഫിലിപ്പ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്.

കോണ്‍സ്റ്റസ് 88 പന്തില്‍ 67 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നിഷാന്ത് സിന്ധുവിന്റെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദിന് ക്യാച്ച് നല്‍കി പുറത്താകും മുമ്പ് 58 പന്തില്‍ പന്തില്‍ 58 റണ്‍സാണ് ജോഷ് ഫിലിപ്പ് അടിച്ചടുത്തത്. എട്ട് ഫോറുകളാണ് താരം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനി 32 റണ്‍സും മിച്ചല്‍ ഓവന്‍, ലാക്ലാന്‍ ഷോ എന്നിവര്‍ 25 റണ്‍സ് വീതവും നേടി.

ഇന്ത്യയ്ക്കായി അര്‍ഷദ് ഖാന്‍ മൂന്നും യാഷ് താക്കൂര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗം, അനുകൂല്‍ റോയ്, സൂര്യാന്‍ഷ് ഷെഡ്ജ്, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ ഓസീസ് താരങ്ങളെയും മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കം പാളിയിരുന്നു. ദേവ്ദത്ത് പടിക്കല്‍ ഒരു റണ്ണിന് പുറത്തായി. സായ് സുദര്‍ശന്‍ 13 റണ്‍സിനും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 12നും പുറത്തായതോടെ ഇന്ത്യ മൂന്നിന് 30 എന്ന നിലയിലേക്ക് വീണു.

അതേസമയം, ഒരു വശത്ത് ഉറച്ചുനിന്ന രജത് പാടിദാര്‍ സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നഷ്ടപ്പെടാതെ കാത്തു. എന്നാല്‍ മറുവശത്തെ ആക്രമിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ വിജയലക്ഷ്യം മറികടക്കാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തി.

82 പന്തില്‍ 67 റണ്‍സാണ് പാടിദാര്‍ അടിച്ചെടുത്തത്. ഒരു സിക്‌സറും മൂന്ന് ഫോറുമാണ് താരം സ്വന്തമാക്കിയത്. 40 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടിയ അനുകൂല്‍ റോയ് ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഓസ്‌ട്രേലിയ എ-യ്ക്കായി സ്‌പെന്‍സര്‍ ജോണ്‍സണ്‍ മൂന്ന് വിക്കറ്റും റിലി മെരെഡിത്, തന്‍വീര്‍ സാംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ബെന്‍ ഡ്വാര്‍ഷിയസ്, നിഖില്‍ ചൗധരി, മിച്ചല്‍ ഓവന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ എ ഇതിനോടകം സ്വന്തമാക്കി.

നേരത്തെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 125 റണ്‍സിന്റെ തോല്‍വി ആതിഥേയര്‍ ഏറ്റുവാങ്ങിയിരുന്നു. നഥാന്‍ മക്‌സ്വീനിയുടെ സെഞ്ച്വറി കരുത്തില്‍ ഓസ്‌ട്രേലിയ എ ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 149ന് പുറത്തായിരുന്നു.

ഒക്ടോബര്‍ 11നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പുതുച്ചേരി തന്നെയാണ് വേദി.

Content Highlight: Australia A defeated India A

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more